കേച്ചേരി: തലക്കോട്ടുകര ഭഗവതിക്ഷേത്രത്തിൽ 'തത്ത്വമസി 'ഒരുക്കിയ ദേശവിളക്ക് ഭക്തിനിർഭരം. ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങളുടെ മുൻ മേൽശാന്തി ഏഴിക്കോട് മന കൃഷ്ണദാസ് നമ്പൂതിരി എഴുന്നള്ളിപ്പിന് ഭദ്രദീപം തെളിച്ചു. തുടർന്ന് ഏഴിക്കോടിന്റെ മുഖ്യകാർമ്മികത്വത്തിൽ പതിനഞ്ച് ദേശങ്ങളിലെ മുതിർന്ന ഗുരുസ്വാമിമാരെ ആദരിച്ചതോടെ തെക്കുട്ടക്കാവ് ദേവീക്ഷേത്രത്തിൽ നിന്ന് വിളക്ക് യോഗക്കാരായ അന്തിക്കാട് ബ്രദേഴ്‌സിന്റെ കാർമ്മികത്വത്തിലുള്ള പാലക്കൊമ്പ് എഴുന്നെള്ളിപ്പിൽ ഉടുക്കുപാട്ടിന്റെ അകമ്പടിയോടെ നൂറുകണക്കിന് താലങ്ങൾ അണിനിരന്നു.
വിശേഷാൽപൂജ, മാതൃസമിതിയുടെ സമൂഹാർച്ചന, കാൽനാട്ട് കർമ്മം, ചുറ്റുവിളക്ക്, നിറമാല, ദീപാരാധന, വെങ്കിടങ്ങ് ശ്രീവിനായക സംഘത്തിന്റെ ഭജനാമൃതം, അന്നദാനം, ശാസ്താംപാട്ട്, പാൽക്കിണ്ടി എഴുന്നെള്ളിപ്പ്, വെട്ടും തട, കനലാട്ടം എന്നിവയുമുണ്ടായി. ടി.വി. കാർത്തികേയൻ, മണികണ്ഠൻ പള്ളിപ്പാട്ട്, രഞ്ജിത്ത് ഇലവന്ത്ര, രാജേഷ് കോവില്ല്യം, സജേഷ്, വിജയശ്രീ ടീച്ചർ തുടങ്ങിയവർ ദേശവിളക്കിന് നേതൃത്വം നൽകി.