കൊടകര: വർണക്കാവടികളും പീലിക്കാവടികളും നിറഞ്ഞാടുന്ന കൊടകര കുന്നത്തൃക്കോവിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ഇന്ന് ആഘോഷിക്കും. ഇന്നലെ കാവടി സംഘങ്ങളുടെ ആസ്ഥാനങ്ങളിൽ പാനകപൂജ നടത്തി ഷഷ്ഠി ആഘോഷത്തിന് ഒരുങ്ങി. ഷഷ്ഠിദിവസം പുലർച്ചെ പൂനിലാർക്കാവ് ദേവസ്വത്തിന്റേതാണ് ആദ്യ അഭിഷേകം. തുടർന്ന് ഭക്തരുടെയും വിവിധ കാവടിസംഘങ്ങളുടെയും അഭിഷേകം നടക്കും. ഷഷ്ഠിയുടെ ചടങ്ങുകളെല്ലാം കുന്നതൃക്കോവിൽ ക്ഷേത്രത്തിലാണ് നടക്കുന്നതെങ്കിലും കാവടിയാട്ടം പൂനിലാർക്കാവ് ക്ഷേത്രസന്നിധിയിലാണ്.
ഉച്ചക്ക് 12 മണിയോടെ കാവടിസംഘങ്ങൾ പൂനിലാർക്കാവിലെത്തിത്തുടങ്ങും. വൈകീട്ട് 5.15 വരെ പകൽ കാവടിയാട്ടം ഉണ്ടാകും. രാത്രിയിലും പകലിന്റെ ആവർത്തനം നടക്കും. ആതിഥേയ കാവടിസംഘമായ കാവിൽ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഷഷ്ഠിദിവസം രാവിലെ 6.30ന് പൂനിലാർക്കാവിൽ നിന്നും കുന്നത്തൃക്കോവിലിലേക്ക് അഭിഷേകക്കാവടിയും വൈകീട്ട് ഏഴിന് ഭസ്മക്കാവടിയും ഉണ്ടാകും. വിശ്വബ്രാഹണസമാജം, മനക്കുളങ്ങര യുവജനസംഘം, മറ്റത്തൂർകുന്ന്, കാവുംതറ എൻ.എസ്.എസ് കരയോഗം, കൊടകര പടിഞ്ഞാട്ടുംമുറി, കെ.പി.എം.എസ് കാവുംതറ, മരത്തോംപിള്ളി പുലയർ സമുദായം, കുംഭാര സമുദായം, കാവിൽ പടിഞ്ഞാട്ടുംമുറി ഉളുമ്പത്തുംകുന്ന്, ഗാന്ധിനഗർ, തെക്കുംമുറി യുവജനസംഘം, യുവജനസംഘം പുലിപ്പാറക്കുന്ന്, കൊടകര ടൗൺ, അഴകം യുവജനസംഘം, യുവസംഗമം വഴിയമ്പലം,
ഫ്രണ്ട് കലാവേദി വെല്ലപ്പാടി, പുത്തുകാവ് യുവതരംഗം, അരണോദയം യുവജനസംഘം കാരൂർ, ഏകലവ്യ ഗാന്ധിനഗർ, നവചേതന വെല്ലപ്പാടി, കാവിൽ പടിഞ്ഞാറെനട കൂട്ടായ്മ എന്നിങ്ങനെ ഇക്കുറി 21 കാവടി സംഘങ്ങളാണ് ആഘോഷത്തിൽ പങ്കാളികളാകുന്നത്. ഷഷ്ഠിദിവസം രാത്രി കുന്നത്തൃക്കോവിലിൽ എഴുന്നള്ളിപ്പ് നടക്കും. ക്ഷേത്രച്ചടങ്ങുകൾക്ക് തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി, മേൽശാന്തി പുത്തുകാവ് മഠത്തിൽ പ്രശാന്ത് എമ്പ്രാന്തിരി എന്നിവർ കാർമികത്വം വഹിക്കും.