ഇരിങ്ങാലക്കുട: സമുദായത്തിന്റെ പേര് പറഞ്ഞ് അനർഹമായി ഒരു പാട് സ്ഥാനവും സമ്പത്തും നേടി, യോഗ നേതാക്കളെ ഇന്നലെ വരെ പൊക്കി പറഞ്ഞവർ ഇന്ന് തള്ളിപ്പറയുമ്പോൾ അവരെ തിരിച്ചറിയണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം മുകുന്ദപുരം യൂണിയൻ കാറളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച താണിശ്ശേരി ലഹള ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമുദായത്തിലെ കുലംകുത്തികളെ തിരിച്ചറിയണം. സമുദായം ശക്തമായ കെട്ടുറപ്പോടെ മുന്നോട്ടുപോകുമ്പോൾ അത് ശിഥിലമാക്കി അതിലൂടെ സ്വകാര്യ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും അവരെ തിരിച്ചറിയണം. ഇന്ത്യൻ ജനാധിപത്യത്തെ ഇന്ന് നയിക്കുന്നത് മതാധിപത്യമാണ്. ഭൂരിപക്ഷത്തിന്റെ ആധിപത്യമായിട്ടാണ് ജനാധിപത്യത്തെ രേഖപ്പെടുത്തുന്നതെങ്കിലും ഫലത്തിൽ ന്യൂനപക്ഷത്തിന്റെ നിയന്ത്രണത്തിലാണ് രാജ്യം നയിക്കപ്പെടുന്നത്. നവോത്ഥാന നായകനായി ഏവരും അംഗീകരിച്ച ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള കഥകളിയുടെ അവതരണത്തിന് തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ അവസരം നിഷേധിക്കപ്പെടുകയായിരുന്നു. കൂടൽമാണിക്യം ഉൾപ്പെടെയുള്ള ദേവസ്വം ബോർഡുകളിൽ ഉള്ള പതിനായിരക്കണക്കിന് ജീവനക്കാരിൽ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളവർ നാമമാത്രമാണ്. എന്നിട്ടും ദേവസ്വം ബോർഡുകളിൽ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം ഏർപ്പെടുത്തുവാനുള്ള സർക്കാർ തീരുമാനം സവർണലോബി ഇടതുപക്ഷത്തിലും പ്രവർത്തിക്കുന്നതിന്റെ തെളിവാണ്. കോൺഗ്രസ് എം.എൽ.എമാരിലും ഈഴവരില്ലെന്നത് ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ സന്തോഷ് ചെറാക്കുളം അദ്ധ്യക്ഷനായി. ചാലക്കുടി ഗായത്രി ആശ്രമം മഠാധിപതി സ്വാമി സച്ചിദാനന്ദ മുഖ്യപ്രഭാഷണം നടത്തി. താണിശ്ശേരി ലഹളയിൽ പങ്കെടുത്ത കെ.എസ്. പണിക്കരുടെ മകൻ കെ.എസ്. കുലശേഖരൻ മാസ്റ്ററെയും മേനോത്ത് എം.എ കേശവന്റെ മകൻ അഡ്വ. അശോക് ബാബുവിനെയും ആദരിച്ചു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.കെ. പ്രസന്നൻ, മുകുന്ദപുരം യൂണിയൻ സെക്രട്ടറി കെ.കെ ചന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ മുതുപറമ്പിൽ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ സജീവ് കുമാർ കല്ലട, കെ.കെ ബിനു, സ്വാമി ബോധാനന്ദ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഡോ. ഇ.പി. ജനാർദ്ദനൻ, സജിത അനിൽകുമാർ, ശിവദാസ് ശാന്തി, സ്വാഗതസംഘം ജനറൽ കൺവീനർ സൈലസ്‌കുമാർ കല്ലട, കോ ഓർഡിനേറ്റർ ബിജോയ് നെല്ലിപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.