ചെറുതുരുത്തി: സാധാരണക്കാരന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഗ്രാമീണ മേഖലയെ സുശക്തമാക്കാനും സഹകരണ പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണെന്ന് യു.ആർ. പ്രദീപ് എം.എൽ.എ. സഹകരണ മേഖല നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും കേരള ബാങ്ക് യാഥാർത്ഥ്യമാകുന്നതോടെ ഈ മേഖല കുറെ കൂടി ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ കെട്ടിടത്തിലേക്കു മാറ്റുന്ന ചെറുതുരുത്തി സഹകരണ ബാങ്കിന്റെ ഒഴിവുദിന സായാഹ്ന ശാഖയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് മുഹമ്മത് ഷരീഫുദ്ദീൻ അദ്ധ്യക്ഷനായി. മുറ്റത്തെ മുല്ല വായ്പാ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ സഹകരണ ജോ. രജിസ്ട്രാർ ടി.കെ. സതീഷ് കുമാർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.പി. രാധാകൃഷ്ണൻ, എം. മുരളീധരൻ, ടി.ഹരിദാസ്, പി.ടി.അബ്ദുൾ സലീം, എം.വി.സുലൈമാൻ, പി.ബി.സിന്ധു. സി.ആർ.സുധാകരൻ, ബാങ്ക് സെക്രട്ടറി എ.എസ്.ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു.