പാവറട്ടി: മലയാള സാഹിത്യത്തിന് ആദ്യമായി ജ്ഞാനപീഠം നേടിത്തന്ന ജി. ശങ്കരകുറുപ്പും മഹാകവി അക്കിത്തവും ഋഷി കവികളാണെന്ന് കവി രാധാകൃഷ്ണൻ കാക്കശ്ശേരി. പാവറട്ടി മുദ്ര സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ജ്ഞാനപീഠം ലഭിച്ച മഹാകവി അക്കിത്തത്തിന് പൊന്നാട നൽകി സംസാരിക്കുകയായിരുന്നു രാധാകൃഷ്ണൻ കാക്കശ്ശേരി. ഭാരതീയ ദർശനങ്ങളെ കവിതയിലൂടെ ആവിഷ്‌കരിച്ച കവികളാണ് ഇവർ രണ്ടു പേരും. വൈലോപ്പിള്ളിയും മുണ്ടശ്ശേരി മാഷും അംഗീകാരങ്ങൾക്ക് കാത്തു നിൽക്കാതെ വിടപറഞ്ഞെന്നും രാധാകൃഷ്ണൻ മാഷ് കൂട്ടി ചേർത്തു.

കവി സുധാകരൻ പാവറട്ടി അക്കിത്തത്തിന്റെ കവിത ചൊല്ലി. മുദ്ര സാംസ്‌കാരിക വേദി സെക്രട്ടറി സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി, ആർട്ടിസ്റ്റ് എം. നളിൻബാബു, ട്രഷറർ എൻ.ജെ. ജയിംസ്, റെജി വിളക്കാട്ടുപാടം, രഞ്ജിത്ത് കെ. ബാലൻ, ആദ്യകാല കവി വട്ടംകുളം ശങ്കുണ്ണി മാഷ് എന്നിവർ സംസാരിച്ചു. കുമരനെല്ലൂരിലെ അക്കിത്തത്തിന്റെ വസതിയായ 'ദേവായന'ത്തിൽ ചെന്നാണ് മുദ്ര പ്രവർത്തകർ ആദരിച്ചത്.