nadakam

ചാലക്കുടി: തനിക്ക് ഇന്നും പ്രതിബദ്ധത നാടകത്തോടാണെന്ന് കെ.പി.എ.സി ലളിത. ചാലക്കുടി റെസിഡന്റ്‌സ് അസോസിയേഷൻ കോ- ഓർഡിനേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പ്രഫഷണൽ നാടകമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇനിയും അവസരം ലഭിച്ചാൽ നാടകങ്ങളിൽ വേഷമിടും. സിനിമയിലും സീരിയലിലും സംവിധായകൻ പറയും പ്രകാരം അഭിനയിച്ചാൽ മതി. എന്നാൽ നാടകത്തിൽ വേദികളിലൂടെ കലാകാരന്മാർ ജീവിച്ചുകൊണ്ടിരിക്കും - കെ.പി.എസി ലളിത പറഞ്ഞു.

തിലകൻ ചേട്ടന്റെ കളരിയായ ചാലക്കുടിയുടെ മണ്ണിൽ വീണ്ടും നാടകത്തിന് വേരോട്ടമുണ്ടാകുന്നത് ആഹ്ലാദമുള്ള കാര്യമാണെന്നും അവർ തുടർന്നു പറഞ്ഞു. ട്രസ്റ്റ് വൈസ് ചെയർമാൻ വിൽസൺ കല്ലൻ അദ്ധ്യക്ഷനായി. യോഗത്തിൽ കേരള സംഗീത നാടക അക്കാഡമി ചെയർപേഴ്‌സൺ കൂടിയായ കെ.പി.എ.സി ലളിതയെ നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ പൊന്നാട അണിയിച്ചു ആദരിച്ചു. ആദ്യകാല നാടക നടൻ ജോണി മേച്ചേരിയേയും ആദരിച്ചു.

സംവിധായകൻ സുന്ദർദാസ്, പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, കൗൺസിലർ ജിജൻ മത്തായി, സെക്രട്ടറി ഡോ. കെ. സോമൻ, ട്രഷറർ പി.ഡി. ദിനേശ്, കൺവീനർ കെ.വി. ജയരാമൻ, ചെയർമാൻ എ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ചാലക്കുടിയുടെ ഗതകാല നാടക സ്മരണകളെ തൊട്ടുണർത്തുന്ന ദൗത്യവുമായി സംഘടിപ്പിച്ച മേളയിൽ ഏറ്റവും മികച്ച നാടകങ്ങളാണ് അവതരിപ്പിക്കുന്നത്.