ഇരിങ്ങാലക്കുട: ഇന്ന് പ്രവർത്തനമാരംഭിക്കുന്ന ലാൻഡ് ട്രിബ്യൂണൽ ഓഫീസ് മേധാവിയായി സ്പെഷ്യൽ തഹസിൽദാർ ചുമതലയേൽക്കുന്നതോടെ താലൂക്കിലെ തഹസിൽദാർമാരുടെ എണ്ണം നാലായി ഉയരും. നിലവിലെ താലൂക്ക് തഹസിൽദാർ, തഹസിൽദാർ(ഭൂരേഖാ) എന്നിവർക്കുപുറമേ ആർ.ഡി.ഒ ഓഫീസിലെ സീനിയർ സൂപ്രണ്ട് തസ്തികയിൽ സേവനമനുഷ്ഠിക്കുന്നതും തഹസിൽദാർ റാങ്കിലുള്ള ഉദ്യോഗസ്ഥയാണ്.

കഴിഞ്ഞവർഷമാണ് മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്കുകൾ പ്രവർത്തനപരിധിയാക്കി ഇരിങ്ങാലക്കുട റവന്യൂ ഡിവിഷൻ രൂപീകരിച്ച് ഓഫീസ് പ്രവർത്തനമാരംഭിച്ചത്. എന്നാൽ പുതിയതായി ലാൻഡ് ട്രിബ്യൂണൽ ഓഫീസ് പ്രവർത്തനമാരംഭിക്കുമ്പോൾ പ്രവർത്തനപരിധിയിൽ മുകുന്ദപുരം താലൂക്ക് ഉൾപ്പെടാതെ പോയത് അപാകതയായി. കഴിഞ്ഞ ജനുവരി മാസം ഓഫീസ് രൂപീകരിച്ച് റവന്യൂവകുപ്പിന്റെ വിജ്ഞാപനം വന്നതുമുതൽ അപാകത വകുപ്പ് മേധാവികളുടെയും ലാൻഡ് ബോർഡ് സെക്രട്ടറിയുടെയും ശ്രദ്ധയിൽ പ്പെടുത്തിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.

തൃശൂർ ട്രിബ്യൂണലിൽ നിന്നും ഇരിങ്ങാലക്കുടയിൽ പ്രത്യേക സിറ്റിംഗ് നടത്തുന്ന ദിവസം മുകുന്ദപുരം താലൂക്കിലെ അപേക്ഷകരിൽ നിന്നും അപേക്ഷ സ്വീകരിക്കാൻ കൂടി സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ മേഖലാകമ്മറ്റി ലാൻഡ് ബോർഡ് സെക്രട്ടറിക്ക് നിവേദനം നൽകിയിട്ടുണ്ട്. കൂടാതെ അനുവദിക്കപ്പെട്ട 12 തസ്തികകളിൽ റവന്യു ഇൻസ്പെക്ടർ വരെയുള്ള 4 തസ്തികകളിൽ മാത്രമാണ് ജീവനക്കാരെ അനുവദിച്ചിട്ടുള്ളത്. മറ്റ് റവന്യു ഓഫീസുകളിൽ നിന്നും ജീവനക്കാർക്ക് വർക്ക് അറേഞ്ച്മെന്റ് നിയമനം നൽകിയാണ് നിലവിൽ ഓഫീസ് പ്രവർത്തിപ്പിക്കാൻ നടപടിയായിട്ടുള്ളത്. അനുവദിക്കപ്പെട്ട മുഴുവൻ തസ്തികകളിലും ജീവനക്കാരെ നിയമിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാകളക്ടർക്കും നിവേദനം നൽകിയിട്ടുണ്ട്.

നിലവിൽ അപേക്ഷനൽകി ഏഴുവർഷത്തോളം കാത്തിരുന്നശേഷമാണ് ഹിയറിംഗ് നടപടികൾ തൃശൂരിലെ ട്രിബ്യൂണൽ ഓഫീസിൽ നിന്നും ആരംഭിച്ചിരുന്നത്. നിയമപ്രകാരമുള്ള ഹിയറിംഗ് നടപടികൾ പൂർത്തീകരിച്ച് പട്ടയം നൽകുന്നതിന് വീണ്ടും ഒരുവർഷത്തോളം കാലതാമസമുണ്ടാകാറുണ്ട്. അപേക്ഷകൾ ഇന്ന് കുന്നംകുളത്തും ഇരിങ്ങാലക്കുടയിലും പ്രവർത്തനമാരംഭിക്കുന്ന ഓഫീസുകളിലേക്ക് വിഭജിച്ച് നൽകുന്നതോടെ പട്ടയ നടപടികൾക്ക് വേഗത കൈവരുമെന്നും രണ്ട് വർഷത്തിനകം പട്ടയം ലഭിക്കാവുന്ന സ്ഥിതിയുണ്ടാകുമെന്നും കണക്കാക്കപ്പെടുന്നു.

................................

പട്ടയനടപടികൾ കാത്തുകഴിയുന്നത് 23354 അപേക്ഷകൾ

തൃശൂർ ലാൻഡ് ട്രിബ്യൂണലിൽ നിലവിൽ 2012 വർഷം മുതൽക്കുള്ള 23354 അപേക്ഷകളാണ് പട്ടയനടപടികൾ കാത്തുകഴിയുന്നത്. ഇതിൽ ചാലക്കുടി താലൂക്കിൽ നിന്നുള്ള 2197 അപേക്ഷകളും കൊടുങ്ങല്ലൂർ താലൂക്കിൽ നിന്നുള്ള 1229 അപേക്ഷകളും മുകുന്ദപുരം താലൂക്കിൽ നിന്നുള്ള 1995 അപേക്ഷകളുമാണുള്ളത്. ചാലക്കുടി,കൊടുങ്ങല്ലൂർ താലൂക്കിൽ നിന്നുള്ള അപേക്ഷകൾ ഇരിങ്ങാലക്കുട ലാൻഡ് ട്രിബ്യൂണലിലേക്ക് കൈമാറും. ഈ അപേക്ഷകളിലെ ഹിയറിംഗ് ഉൾപ്പടെ തുടർനടപടികൾ ഇരിങ്ങാലക്കുട ലാൻഡ് ട്രിബ്യൂണലിൽ നിന്നാകും. അതേ സമയം മുകുന്ദപുരം താലൂക്കിലെ അപേക്ഷകർ തൃശൂർ ലാൻഡ് ട്രിബ്യൂണലിനെ തന്നെ ആശ്രയിക്കേണ്ടതായി വരും. മുകുന്ദപുരം താലൂക്കിനെ ഇരിങ്ങാലക്കുട ലാൻഡ് ട്രിബ്യൂണലിനു കീഴിൽ ഉൾപ്പെടുത്തുന്നതുവരെ മുകുന്ദപുരത്തെ 1995 അപേക്ഷകർക്ക് തൃശൂർ ലാൻഡ് ട്രിബ്യൂണൽ തഹസിൽദാരുടെ നേതൃത്വത്തിൽ ആഴ്ച്ചയിലൊരു ദിവസം ഇരിങ്ങാലക്കുട ഓഫീസിൽ പ്രത്യേക സിറ്റിംഗ് നടത്തണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും മുകുന്ദപുരത്തെ പുതിയ അപേക്ഷകൾ ഇരിങ്ങാലക്കുടയിൽ സ്വീകരിക്കാൻ കഴിയാത്തത് പുതിയ അപേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കും.