കാര്യാട്ടുകര: തുരുത്തുകളാൽ ചുറ്റപ്പെട്ട എൽത്തുരുത്ത് കാര്യാട്ടുകര ഗ്രാമം, സാമൂഹിക വിരുദ്ധരുടെയും ലഹരി മാഫിയയുടെയും വിഹാരകേന്ദ്രങ്ങളാകുന്നതിനെതിരെ നാടിന്റെ സുരക്ഷയ്ക്കായി എൽത്തുരുത്ത് കാര്യാട്ടുകര പൗരസമിതി ജനകീയ കൂട്ടായ്മ രൂപീകരിച്ചു. പൗരസമിതിയുടെ ആദ്യ സംരംഭമായ വാഹന പ്രചാരണ സന്ദേശയാത്രയുടെ സമാപന സമ്മേളനത്തിൽ പൊലീസിന്റെയും എക്‌സൈസിന്റെയും അസി. കമ്മിഷണർമാർ നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ചു. എൽത്തുരുത്ത് ബ്രിഡ്ജ് റോഡിൽ നിന്നും തൃശൂർ കോർപറേഷൻ കൗൺസിലർ ഫ്രാൻസിസ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്ത് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ വാഹന പ്രചാരണ സന്ദേശ യാത്ര അഞ്ച് മേഖലകളിലൂടെ സഞ്ചരിച്ച് കാര്യാട്ടുകര ശിവക്ഷേത്ര മൈതാനിയിൽ സമാപിച്ചു.
സമാപന സമ്മേളനം പൊലീസ് അസി. കമ്മിഷണർ വി.കെ രാജു ഉദ്ഘാടനം ചെയ്തു. നാടിനെയും കുടുംബങ്ങളെയും നശിപ്പിക്കുന്ന മഹാവിപത്താണ് ലഹരി എന്നും അതിനെതിരെ പൗരസമിതിക്ക് പൊലീസിന്റെ പൂർണ്ണ പിന്തുണയും അസി. കമ്മിഷണർ വാഗ്ദാനം ചെയ്തു. എക്‌സൈസ് അസി. കമ്മിഷണർ വി.എ സലിം മുഖ്യപ്രഭാഷണം നടത്തി. മാരകമായ മയക്കുമരുന്നുകളാണ് പുതിയ തലമുറ ഉപയോഗിക്കുന്നതെന്നും അതിന് അടിമപ്പെട്ടാൽ അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കാതെ വരുമെന്നും അദ്ദേഹം പറഞ്ഞു. പൗരസമിതി പ്രസിഡന്റ് ജെയ്‌മോൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷൈൻ കാഞ്ഞിരത്തിങ്കൽ, ട്രഷറർ പി.ജി ഗിനിൽ എന്നിവരുടെ നേതൃത്വത്തിൽ വിളക്കിൽ തെളിച്ച ദീപം ഉയർത്തിപ്പിടിച്ച് എല്ലാ അംഗങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പൗരസമിതി ഉപദേഷ്ടാവ് ഫാ. ജോസ് പയ്യപ്പിള്ളി, കൗൺസിലർ ഫ്രാൻസിസ് ചാലിശ്ശേരി, പൗരസമിതി വൈസ് പ്രസിഡന്റ് സന്തോഷ് തട്ടുപറമ്പിൽ, ജോ. സെക്രട്ടറി എൻ.വി രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. മേഖലാ യോഗങ്ങളിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയംഗം അഡ്വ. കെ.കെ. വാരിജാക്ഷനും ' അമ്മ' സ്ഥാപകയും സാമൂഹിക പ്രവർത്തകയുമായ ഡോ.പി. ഭാനുമതി എന്നിവർ പ്രസംഗിച്ചു. റാഫി പള്ളിക്കുളം, ഫ്രെഡി ഡിക്രൂസ്, ജോമോൻ കാഞ്ഞിരത്തിങ്കൽ, ആന്റോ ജോണി തേറാട്ടിൽ, ജിബിൻ ജോസ്, റോബിൻ തരകൻ, വി.ആർ രമേഷ്, കെ.യു പ്രദീപ്, എ.ജി റോയ്, അഡ്വ. സജി ഫ്രാൻസിസ്, ബാബു ജോസഫ് എന്നിവർ വാഹന പ്രചരണ യാത്രയ്ക്ക് നേതൃത്വം നൽകി.