01-kda-shasti
കുന്നതൃക്കോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കാവടിയാട്ടം

കൊടകര: കൊടകരയുടെ വീഥികൾക്ക് അഴകായി നാദ വർണ വിസ്മയങ്ങൾ. തെയ്യം, ദേവീ ദേവന്മാർ, പുരാണ കഥാ സന്ദർഭങ്ങളുടെ വിസ്മയിപ്പിക്കുന്ന നിശ്ചല - ചലന ദൃശ്യങ്ങൾ, പുതുമയാർന്ന വർണ്ണക്കാവടികളും പീലിക്കാവടികളും താളമേളങ്ങളും കൊടകരയുടെ വീഥികൾക്ക് അഴകായി. കുന്നതൃക്കോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷിക്കുന്നതിനും അനുഗ്രഹം തേടുന്നതിനും ആയിരങ്ങൾ എത്തി.

പുലർച്ചെ പൂനിലാർക്കാവ് ദേവീക്ഷേത്രത്തിൽ നിന്ന് പൂജിച്ച ദ്രവ്യങ്ങൾ കാവടിയിൽ കെട്ടി ക്ഷേത്ര ഊരാളനും ഭരണ സമിതിയംഗങ്ങളും ഭക്തജനങ്ങളും നാഗസ്വരം അകമ്പടിയായി കുന്നതൃക്കോവിൽ ക്ഷേത്രത്തിൽ എത്തി ആദ്യ അഭിഷേകം നടത്തി. തുടർന്ന് ഭക്തജനങ്ങളും അഭിഷേകം നടത്തി. പഞ്ചാമൃതം, പാൽ, ഇളനീർ, ഭസ്മം എന്നിവ കൊണ്ടാണ് അഭിഷേകം നടത്തിയത്.

തുടർന്ന് വിവിധ ദേശങ്ങളിൽ ആടിതിമർത്ത് 21 ദേശക്കാവടികൾ പൂനിലാർക്കാവ് ക്ഷേത്രത്തിലെത്തി ആഘോഷത്തിൽ പങ്കാളികളായി. നാനാഭാഗത്തു നിന്നുള്ള ദേശങ്ങളിൽ നിന്നും കാവടി സെറ്റുകൾ കൊടകരയുടെ വീഥികളെ ആനന്ദം കൊള്ളിച്ചു. ഓരോ സെന്ററുകളിലും കാത്തുനിന്നവരുടെ ആസ്വാദനത്തിനു ശേഷമാണ് അടുത്ത സ്ഥലത്തേക്ക് കാവടിസെറ്റുകൾ നീങ്ങിയത്. താളമേളങ്ങൾക്ക് ചുവടുവെച്ച് കാവടി പ്രേമികളും ഭക്തജനങ്ങളും കാവടിസെറ്റുകൾക്കൊപ്പം നീങ്ങി.

പൂനിലാർക്കാവ് ക്ഷേത്ര മൈതാനിയിൽ ഊഴമനുസരിച്ച് പ്രവേശിച്ച് നടപ്പുരയിൽ ആടിതിമർത്തുകൊണ്ടാണ് ഓരോ കാവടി സെറ്റുകളും അരങ്ങൊഴിഞ്ഞത്. കവിളിൽ വലിയ ശൂലം തറച്ച ഭക്തരും കാവടിസെറ്റുകൾക്കൊപ്പം ക്ഷേത്രത്തിലെത്തി. ആദ്യം വിശ്വബ്രാഹ്മണ സമാജം സെറ്റാണ് ക്ഷേത്രത്തിൽ പ്രവേശിച്ചത്. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി, മേൽശാന്തി പുത്തുകാവ് മഠത്തിൽ പ്രശാന്ത് എമ്പ്രാന്തിരി എന്നിവർ കാർമികത്വം വഹിച്ചു.