പുതുക്കാട്: പാലിയേക്കര ടോൾ പ്ലാസയിൽ ഫാസ് ടാഗ് നടപ്പിലാക്കുന്നതിലൂടെ സമീപവാസികളുടെ സൗജന്യയാത്ര നിഷേധിച്ചതിനെതിരെ ഡി.സി.സി വൈസ് പ്രസിഡന്റ്, അഡ്വ. ജോസഫ് ടാജറ്റ് നൽകിയ ഹർജി, സർക്കാർ എതിരാക്ഷേപം ബോധിപ്പിക്കാത്തതിനാൽ വാദം കേൾക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി. ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ ബഞ്ച് അടുത്ത തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോൾ സർക്കാരിനായി സ്റ്റേറ്റ് അറ്റോർണി നേരിട്ട് ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
സർക്കാരിന്റെ നടപടി ടോൾ കമ്പനിയെ സഹായിക്കാനെന്ന്
പുതുക്കാട്: സൗജന്യ യാത്ര നിഷേധിക്കുന്ന ടോൾ കമ്പനിയുടെ നടപടി ചോദ്യം ചെയ്തുള്ള ഹൈക്കോടതിയിലെ കേസിൽ എറെ സമയം ലഭിച്ചിട്ടും ആക്ഷേപം സമർപ്പിക്കാത്ത സർക്കാരിന്റെ നടപടി കരാർകമ്പനിയെ സഹായിക്കാനാണെന്ന് ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് കുറ്റപ്പെടുത്തി. ദേശീയപാത അതോറിറ്റി, സൗജന്യ യാത്രയുടെ കാര്യത്തിൽ സംസ്ഥാന സർക്കാരാണ് തീരുമാനം എടുക്കേണ്ടതെന്ന് പറയുമ്പോൾ, സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാരാണ് തീരുമാനിക്കേണ്ടതെന്ന് പറയുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കം മൂലം ടോൾ കമ്പനിക്കാണ് സഹായം ലഭിക്കുന്നത്. തർക്കം നീളുമ്പോൾ സൗജന്യം ലഭിക്കേണ്ട യാത്രക്കാർ ഫാസ് ടാഗ് എടുത്ത് യാത്ര ചെയ്യേണ്ടി വരുന്നത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണ്.