കൊടുങ്ങല്ലൂർ: പ്രളയ ദുരിതാശ്വസ ഫണ്ട് വിതരണത്തിൽ വിവേചനം കാണിച്ചതായി ആരോപിച്ച് ബി.ജെ.പി പ്രവർത്തകർ അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ വസതിയിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ചാപ്പാറ സെന്ററിൽ നിന്നും ആരംഭിച്ച മാർച്ച് വി.കെ. രാജൻ സ്കൂളിന് മുൻവശത്ത് പൊലീസ് തടഞ്ഞു. തുടർന്ന് പാർട്ടി മുനിസിപ്പൽ കൺവീനർ എ.പി സന്തോഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ജില്ലാ പ്രസിഡന്റ് എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ എം.എൽ.എ തൽപരനല്ലെന്നും ജനങ്ങൾക്ക് വേണ്ടി അധികാരം വിനിയോഗിക്കാൻ അറിയില്ലെന്നും നാഗേഷ് കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് എം.ജി പ്രശാന്ത് ലാൽ, ഒ.എൻ. ജയദേവൻ, കെ.യു. പ്രേംജി, നഗരസഭാ പ്രതിപക്ഷ നേതാവ് വി.ജി. ഉണ്ണിക്കൃഷ്ണൻ, ശാലിനി വെങ്കിടേഷ് , ഡോ. ആശാലത, സിന്ദു സുനിൽ, സുധർമ്മ ദയാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.