ചാലക്കുടി: പ്രളയത്തിന്റെ ബാക്കി പത്രമായി ഓട്ടുകമ്പനിയിൽ കയറിക്കൂടിയ പെരുമ്പാമ്പ് ദമ്പതികളെ കാക്കിക്കുപ്പായക്കാർ പിടികൂടി. വാളൂർ സെന്റ് ഫ്രാൻസിസ് കമ്പനിയിൽ ഒളിച്ചുകഴിഞ്ഞിരുന്ന പാമ്പുകളെ പൊലീസിന്റെ ഇന്റലിജന്റ്‌സ് വിഭാഗമാണ് പിടിച്ചെടുത്തത്. ഇന്നലെ ഉച്ചയോടെയാണ് ആൺപാമ്പിനെ കണ്ടെത്തിയത്.

ഒമ്പതടിയോളം നീളം വരുന്ന കാമുകൻ കമ്പനിയിലെ ഷെഡിലാണ് പ്രത്യക്ഷപ്പെട്ടത്. തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് സബ് ഇൻസ്‌പെക്ടർമാരായ ഫൈസൽ കോറോത്ത്, സി.എ സാദത്ത് എന്നിവർ സ്ഥലത്തെത്തി ഇതിനെ പിടിച്ചെടുത്ത് കൊരട്ടി പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. കാണാതായ കാമുകനെ തേടിയെത്തിയ പെൺപാമ്പിനെ വൈക്കോൽ കൂട്ടിയിട്ട ഭാഗത്തു നിന്നും കണ്ടെത്തുകയായിരുന്നു. ഇതിന് ആറ് വയസ് പ്രായം വരും. രണ്ടാമതും പാമ്പിനെ കണ്ടെന്ന് വിവരം പുറത്തുവന്നതോടെ നിരവധിയാളുകൾ കമ്പനിയിലെത്തി.

ഉടനെ സ്ഥലത്തെത്തിയ ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥർ കാമുകിയെയും ചാക്കിലാക്കി കൊണ്ടുപോയി. ചാലക്കുടി സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ പി. രവീന്ദ്രനും സംഘവും പിന്നീട് പൊലീസ് സ്റ്റേഷനിൽ നിന്നും പാമ്പുകളെ ഏറ്റെടുത്ത് വനത്തിലെത്തിച്ചു. കഴിഞ്ഞ പ്രളയത്തിൽ കമ്പനിയെല്ലാം വെള്ളത്തിനടിയിലായിരുന്നു. ഈ വേളയിൽ എത്തപ്പെട്ട ഇണപ്പാമ്പുകളാണ് ഇപ്പോൾ വീണ്ടും കാട്ടിലേക്ക് തന്നെ മടക്കയാത്ര നടത്തിയത്. ഇതിനിടെ തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്ക് ചാലക്കുടി ആനമല ജംഗ്ഷനിൽ നിന്നും ഒരു മലമ്പാമ്പിനെയും പിടികൂടിയിരുന്നു.