പാവറട്ടി : മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ മാതൃകാ പദ്ധതിയായ പട്ടികജാതി വിദ്യാർത്ഥികളുടെ മെരിറ്റോറിയസ് സ്‌കോളർഷിപ്പ് ട്രഷറി നിയന്ത്രണം മൂലം വിതരണം ചെയ്യാൻ കഴിയുന്നില്ലെന്ന് പരാതി. മറ്റു ചില സാങ്കേതിക കാരണങ്ങളാൽ മാസങ്ങൾ വൈകിയാണ് ബ്ലോക്ക് പഞ്ചായത്ത് വിതരണ അനുമതി നൽകിയത്.
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ 2019 - 20 ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് തുടർ പടനം നടത്തുന്ന മിടുക്കരായ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ളതാണ് മെരിറ്റോറിയസ് സ്‌കോളർഷിപ്പ്. മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വെങ്കിടങ്ങ്, മുല്ലശ്ശേരി, പാവറട്ടി, എളവള്ളി പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുത്ത 44 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.

9.6 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. പട്ടികജാതി വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് വിതരണം ട്രഷറി നിയന്ത്രണ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ഗുണഭോക്താക്കളുടെ ആവശ്യം.

പദ്ധതിക്കായി ആകെ ബ്ലോക്ക് പഞ്ചായത്ത് മാറ്റിവച്ചത് - 9.6 ലക്ഷം രൂപ

അഞ്ച് പഞ്ചായത്തുകളിൽ നിന്നുള്ള പദ്ധതി ഗുണഭോക്താക്കൾ - 44 പേർ

സ്കോളർഷിപ്പ് ഇങ്ങനെ

ബിരുദതല പഠനത്തിന് - 37 പേർ - 20000 രൂപ

ബിരുദാനന്തര ബിരുദ പഠനത്തിന് - 6 പേർ - 30000

പ്രൊഫഷണൽ പഠനത്തിന് - ഒരാൾ - 25000