ഇരിങ്ങാലക്കുട : ഹിന്ദു എന്നത് മറ്റ് മതങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു മതമല്ലെന്നും ഒരു സംസ്‌കാരമാണെന്നും അത് മറന്ന് പോകരുതെന്നും യേശുദാസ് പറഞ്ഞു. ശ്രീനാരായണ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആദർശങ്ങൾ സാമൂഹിക പരിവർത്തനത്തിനായി ഉപയോഗിക്കും വിധം സ്വാംശീകരിച്ച് പ്രവർത്തിക്കുന്നതിനുമായി എസ്.എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റ് സ്ഥാപിച്ചിട്ടുള്ള സി.ആർ കേശവൻ വൈദ്യർ ഗുരുജയന്തി പുരസ്‌കാരം 2019 ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.

ക്രിസ്ത്യൻ, മുസ്ലീം, യഹൂദ, ബുദ്ധ തുടങ്ങിയവ വിവിധ മതങ്ങളാണ്. ഹിന്ദു എന്നത് ഒരു സംസ്‌കാരമാണ്.

ആദ്യം പാടാൻ നിശ്ചയിച്ചിരുന്ന പാട്ട് പാടിയിരുന്നെങ്കിൽ ഒരു പക്ഷേ യേശുദാസ് എന്ന ഗായകൻ അറിയപ്പെടാതെ പോകുമായിരുന്നു. ദൈവഹിതമനുസരിച്ചാണ് ഗുരുദേവ കീർത്തനം ആദ്യമായി പാടാൻ അവസരം ലഭിച്ചതെന്നും അദേഹം കൂട്ടിച്ചേർത്തു. ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പുരസ്‌കാര സമർപ്പണം നടത്തി. ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എസ്.എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. സി.കെ രവി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ. കെ.യു അരുണൻ എം.എൽ.എ, പ്രൊഫ. എം.കെ സാനു, മുൻ അംബാസഡറും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷനുമായ ടി.പി ശ്രീനിവാസൻ, നഗരസഭാ ചെയർപേഴ്‌സൻ നിമ്യ ഷിജു , എസ്.എൻ.ഡി.പി മുകുന്ദപുരം താലൂക്ക് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം തുടങ്ങിയവർ സംസാരിച്ചു.