കുന്നംകുളം: പി.എം.എ.വൈ ലൈഫ് പദ്ധതി പ്രകാരം കുന്നംകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനി അനിഷയ്ക്ക് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. ചിറളയം കോൺവെന്റ് ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിയായിരിക്കെ പഠിക്കാൻ മിടുക്കിയായിരുന്ന അനീഷ വാടക വീട്ടിൽ ശൗചാലയമില്ലാത്തതിനാൽ ഭക്ഷണം കഴിക്കാതെയാണ് സ്കൂളിൽ എത്തിയിരുന്നത്. ഈ വിവരം സ്കൂൾ അധികൃതർ നഗരസഭയിൽ അറിയിക്കുകയായിരുന്നു. ഇതോടെ മാദ്ധ്യമങ്ങളിൽ വാർത്തയായി അനീഷ. തമിഴ്‌നാട്ടിൽ നിന്നും കുടിയേറി വടക്കേക്കാട് പഞ്ചായത്തിൽ ഏഴാം വാർഡിൽ താമസിച്ചിരുന്ന അനീഷയുടെ കുടുംബത്തിന് മന്ത്രി എ.സി. മൊയ്തീന്റെ നിർദ്ദേശപ്രകാരം നഗരസഭാ അധികൃതർ നേരിട്ടെത്തി വീട് വാഗ്ദാനം ചെയ്യ്തു. ആൾ കേരള കേറ്ററിംഗ് അസോസിയേഷൻ മൂന്ന് സെന്റ് സ്ഥലം വാങ്ങി നൽകാൻ തയ്യാറായതോടെ നഗരസഭയുടെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുത്തി നാട്ടുകാരുടെ സഹായത്തോടെ വീടിന്റെ പണി പൂർത്തീകരിച്ചു. നഗരസഭ നേരിട്ട് പരിശീലനം ലഭിച്ച കുടുംബശ്രീ വനിതാ വളണ്ടിയർമാരായിരുന്നു നിർമ്മാണം നടത്തിയത്. സർക്കാരിന്റെ സമ്പൂർണ വൈദ്യുതി പദ്ധതിയുടെ ഭാഗമായി മൂന്നു ഇലക്ട്രിക് പോസ്റ്റുകൾ സൗജന്യമായി നൽകി വീട്ടിലേക്ക് വൈദ്യുതി എത്തിച്ചു. നഗരസഭാ ചെയർപേഴ്ണൻ സീത രവീന്ദ്രൻ അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഗീത ശശി, സുമ ഗംഗാധരൻ, മിഷ സെബാസ്റ്റ്യൻ, കെ.എ. അസീസ്, സിസ്റ്റർ ചൈതന്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.