കൊടുങ്ങല്ലൂർ: കണ്ണൂർ സ്വദേശിയെ കൊടുങ്ങല്ലൂരിലെ അപ്പാർട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പിൽ കുടുക്കിയ സംഘം അതേ കാലയളവിൽ തൃശൂർ സ്വദേശിയായ യുവാവിനെയും ബന്ദിയാക്കി പണം തട്ടി. ഹണി ട്രാപ്പിലെ പ്രധാനി വള്ളിവട്ടം സ്വദേശിനി ഇടവഴിക്കൽ ഷെമീനയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരകളെ അപ്പാർട്ട്‌മെന്റിലേക്ക് ആകർഷിച്ച് കെണിയിൽപെടുത്തിയ ശേഷം സ്ത്രീകൾക്കൊപ്പമിരുത്തി ഫോട്ടോയും വീഡിയോയും പകർത്തി ആക്രമിച്ച് പണം തട്ടിയെന്ന കേസിലാണിവരെ അറസ്റ്റ് ചെയ്തത്. 2018ലാണ് ഈ സംഘം കൊടുങ്ങല്ലൂർ പൊലീസിന്റെ പിടിയിലായത്. തൃശൂർ സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ യുവാവിൽ നിന്നും പണം തിരികെ വാങ്ങിനൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി വീണ്ടും ഏഴ് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസിന്റെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ പി.കെ പത്മരാജന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച എസ്.ഐ. ഇ.ആർ ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഷെമീനയെ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നുമാണ് ഷമീന പിടിയിലായത്. എസ്.ഐ ബസന്ത്, എ.എസ്.ഐമാരായ പ്രദീപ്, ജയകൃഷ്ണൻ സുനിൽ കുമാർ, സിദ്ധാർത്ഥൻ, സീനിയർ സി.പി.ഒമാരായ അസ്മാബി, ഗോപകുമാർ, ഉമേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.