തൃശൂർ: എസ്.ബി.ടിയുടെ എ.ടി.എം മെഷിൻ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് കവർച്ച ചെയ്യാൻ ശ്രമിച്ച രണ്ടുപേർ മണിക്കൂറുകൾക്കുളളിൽ അറസ്റ്റിൽ. പാലക്കാട് സ്വദേശികളായ തൃക്കടീരി മാങ്ങോട് കരുവാക്കോണം അടവക്കാട് വീട്ടിൽ പ്രജിത് (25), വാണിയംകുളം തൃക്കംകോട് കല്ലംപറമ്പ് വീട്ടിൽ രാഹുൽ (23) എന്നിവരാണ് പിടിയിലായത്.
പഴയന്നൂർ കൊണ്ടാഴി പാറമേൽപ്പടിയിലെ ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ശബ്ദം കേട്ട് നാട്ടുകാർ ഉണർന്നപ്പോൾ പ്രതികൾ ഓടിമറയുകയായിരുന്നു. മെഷിൻ ഭാഗികമായി തകർത്തു. കവർച്ചയ്ക്കായി ഇവരെത്തിയ വാഗനർ കാർ സമീപത്ത് പാർക്ക് ചെയ്തിരുന്നു. സമീപത്തുനിന്ന് ഗ്യാസ്‌കട്ടറും, ആയുധങ്ങളും കണ്ടെത്തിയിരുന്നു.
പ്രതികൾ ഓട്ടോയിൽ വടക്കാഞ്ചേരിയിലെത്തി ട്രെയിനിൽ കൊരട്ടിയിൽ വന്ന് വീണ്ടും തൃശൂരിലെത്തിയപ്പോഴാണ് കുടുക്കിയത്. കേരളത്തിന് പുറത്ത് കടക്കാനുളള ശ്രമത്തിലായിരുന്നു പ്രതികൾ. ടവർ ലൊക്കേഷൻ മനസിലാക്കിയ പൊലീസ് ഉടൻ ഇവരെ പിടികൂടി. കാറിൻ്റെ ഉടമയേയും കണ്ടെത്തിയിരുന്നു. ഒറ്റപ്പാലത്ത് ഇരുവരും ചേർന്ന് നടത്തിയ ഹോട്ടൽ ബിസിനസ്സ് തകർന്നപ്പോഴുണ്ടായ സാമ്പത്തിക ബാദ്ധ്യത തീർക്കാനാണ് എ.ടി.എം കവർച്ചയ്ക്ക് തുനിഞ്ഞതെന്ന് ഇവർ മൊഴി നൽകി. മുൻപ് സമാനമായി ഒറ്റപ്പാലത്ത് എ.ടി.എം കവർച്ചാശ്രമം നടത്തിയിരുന്നു. അന്നും പണം എടുക്കാനായില്ല. ഉളി കൊണ്ട് കുത്തിത്തുറക്കാനാണ് അന്ന് ശ്രമിച്ചത്. ഇത്തവണ കോയമ്പത്തൂർ പോയി ആസൂത്രിതമായി ഗ്യാസ് കട്ടറടക്കമുള്ള ആയുധങ്ങൾ വാങ്ങിയാണ് എത്തിയത്. രാഹുലിന്റെ സുഹൃത്തായ സുഭാഷിന്റെ വാഹനത്തിലാണ് ഇവരെത്തിയത്. ഒഴിഞ്ഞ പ്രദേശത്തെ എ.ടി.എം സെന്റർ തിരഞ്ഞാണ് കൊണ്ടാഴിയിൽ എത്തിയത്.
പ്രതികളെ പിടികൂടാൻ ഉടൻ വലവിരിച്ച പൊലീസിന് പ്രതികളെ പെട്ടെന്ന് കുടുക്കാനായി. സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി: എസ്. ഷംസുദ്ദീൻ, സിറ്റി എ.സി.പി: വി.കെ. രാജു എന്നിവരുടെ നേതൃത്വത്തിൽ പഴയന്നൂർ ഇൻസ്‌പെക്ടർ മഹേന്ദ്രസിംഹൻ, എസ്.ഐ: കെ.ജി. ജയപ്രദീപ്, ജില്ലാ ക്രൈം സ്‌ക്വാഡ് എസ്.ഐമാരായ ഗ്ലാഡ്സ്റ്റൻ, റാഫി, പൊലീസുകാരായ കെ.ആർ. പ്രദീപ്, എസ്. അജയഘോഷ്, ടി.പി. പ്രസാദ്,
ഡിജോ വാഴപ്പിള്ളി, പി.വി. ബ്രിജേഷ് എന്നിവരാണ് പ്രതികളെ കുടുക്കിയത്.