തൃശൂർ: എ.ടി.എമ്മുകളിൽ കവർച്ച ആവർത്തിക്കുമ്പോഴും സുരക്ഷയൊരുക്കുന്നതിൽ ബാങ്കുകൾക്ക് വീഴ്ച. കഴിഞ്ഞ ദിവസം കവർച്ചാശ്രമം നടന്ന കൊണ്ടാഴിയിലെ എ.ടി.എം കൗണ്ടറിനുള്ളിൽ കാമറ ഉണ്ടായിരുന്നെങ്കിലും മെഷീൻ തകർക്കുമ്പോൾ അപായമണി മുഴക്കാനുള്ള സംവിധാനമില്ല.
സമാനസ്ഥിതിയാണ് കൊടകരയിൽ കവർച്ചാശ്രമം നടന്ന എ.ടി.എം കൗണ്ടറിലും. കൊടകരയിൽ കവർച്ചയ്‌ക്കെത്തിയ പ്രതികളുടെ ചിത്രം കാമറയിൽ പതിഞ്ഞിട്ടുണ്ടെന്നതാണ് ആശ്വാസം. കൊണ്ടാഴിയിൽ പ്രതികൾ കാമറ മറച്ചതിന് ശേഷം എ.ടി.എം മെഷീൻ തകർക്കാൻ ഉപയോഗിച്ച ഗ്യാസ് കട്ടറിൽ നിന്നുള്ള തീ കണ്ടതാണ് അടുത്തുള്ള വീട്ടുകാർ ശ്രദ്ധിക്കാൻ ഇടയായത്. രാത്രിയിൽ മതിയായ വെളിച്ചവും കാവലുകളുമില്ലാതെ എ.ടി.എം കൗണ്ടറുകളാണ് കവർച്ചക്കാർ ഉന്നം വയ്ക്കുന്നത്. ജില്ലയുടെ വിവിധ ഇടങ്ങളിൽ ഇത്തരം നിരവധി എ.ടി.എം കൗണ്ടറുകളുണ്ട്. നഗരത്തിൽ പോലും ഇടുങ്ങിയ ഇടങ്ങളിലാണ് പല എ.ടി.എം. കൗണ്ടറുകളുമുള്ളത്. കാമറയുണ്ടായതു കൊണ്ടുമാത്രം എ.ടി.എം കൗണ്ടറുകൾ സുരക്ഷിതമല്ലെന്നാണ് അടുത്തിടെ ജില്ലയിൽ നടന്ന കവർച്ചാശ്രമങ്ങൾ നൽകുന്ന സൂചന.
നിർദ്ദേശം നടപ്പായില്ല
കഴിഞ്ഞ വർഷം ചാലക്കുടിക്ക് പിന്നാലെ തൃശൂർ നഗരത്തിലും ചാവക്കാടുമാണ് എ.ടി.എം കൗണ്ടറുകളിൽ കവർച്ചാശ്രമം നടന്നത്. ഇതിനുശേഷമാണ് ബാങ്ക് അധികൃതരുടെ യോഗം പൊലീസ് വിളിച്ചുചേർത്തതും കർശന സുരക്ഷയൊരുക്കാൻ ബാങ്ക് അധികൃതർക്ക് പൊലീസ് നിർദ്ദേശം നൽകിയതും. പക്ഷേ, നിർദ്ദേശം ഇതുവരെ പൂർണ തോതിൽ നടപ്പായില്ല. ചില ബാങ്കുകൾ നടപ്പാക്കിയെങ്കിലും യഥാസമയം അറ്റകുറ്റപ്പണി നടത്തി പരിപാലിക്കുന്നതിൽ താത്പര്യം കാണിക്കുന്നില്ല. സാമ്പത്തിക നഷ്ടമാണ് ഇതിന് കാരണമായി ബാങ്കുകൾ പറയുന്ന ന്യായം. ഇതാണ് കവർച്ചക്കാർക്ക് അനുകൂല ഘടകമാകുന്നത്. ഒട്ടുമിക്ക എ.ടി.എം കൗണ്ടറുകൾക്കും പൂട്ട് ഇല്ല. കാർഡ് ഉപയോഗിച്ച് തുറക്കാൻ കഴിയുന്ന വാതിലുകൾ പിന്നീട് പ്രവർത്തന രഹിതമാകും. അകത്തേക്ക് കയറണമെങ്കിൽ പിന്നെ തള്ളിത്തുറക്കുകയേ വഴിയുള്ളൂ. ചില ബാങ്കുകൾക്ക് അവരുടേതായ സുരക്ഷാ ജീവനക്കാരുണ്ട്. എങ്കിലും പലപ്പോഴും ഇവർ ആശ്രയിക്കുന്നത് സ്വകാര്യ ഏജൻസികളെയാണ്.
...........................................................
ബാങ്കുകളുടെ വാദം
സാമ്പത്തിക നഷ്ടം
സുരക്ഷയ്ക്ക് കാമറ
സെക്യൂരിറ്റി ജോലിക്ക് യുവാക്കളെ കിട്ടാനില്ല
ജാഗ്രത കാട്ടേണ്ടത് പൊലീസ്
പൊലീസ് വാദം
നൂറുകണക്കിന് എ.ടി.എമ്മുകളിൽ പൊലീസ് സുരക്ഷ ഉറപ്പാക്കുക എളുപ്പമല്ല. ബാങ്കുകൾ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്തണം. ആഴ്ചയിലൊരു ദിവസമെങ്കിലും കാമറ പരിശോധിക്കണം.