എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ വെള്ളറക്കാട് സർവീസ് സഹകരണ ബാങ്ക് കെട്ടിട നിർമാണത്തിൽ ക്രമക്കേട് നടത്തിയതായി ആരോപണം. അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി സെക്രട്ടറി വി.കെ. രഘുസ്വാമി ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് പരാതി നൽകി. ബാങ്ക് ഹെഡ് ഓഫീസ് കെട്ടിട നിർമ്മാണത്തിന് 33 ലക്ഷം രൂപയാണ് സഹകരണ വകുപ്പ് അനുമതി നൽകിയിട്ടുള്ളത്. എന്നാൽ ഒരു കോടി പത്ത് ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തങ്ങൾ നടത്തിയിട്ടുണ്ട്. ഇത് നിയമ വിരുദ്ധമാണെന്ന് പരാതിയിൽ പറയുന്നു.

കൂടാതെ നിർമ്മാണത്തിന് പഞ്ചായത്തിന്റെ അനുമതി വാങ്ങാതെ കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ചതയും പി.ഡബ്ലിയു.ഡി റോഡ് കൈയേറി നിർമ്മാണം നടത്തിയതായും രഘുസ്വാമി ആരോപിച്ചു. പഞ്ചായത്ത് സെക്രട്ടറിക്കും പൊതുമരാമത്ത് വകുപ്പിനും പരാതി നൽകിയിട്ടുണ്ട്. എന്നാൽ ആരോപണം അടിസ്ഥാനമില്ലാത്തതും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. നിർമ്മാണത്തിന് തുക ചെലവഴിക്കുന്നതിന് ആവശ്യമായ അനുമതി വാങ്ങിയിട്ടുണ്ട്. എല്ലാ നിയമങ്ങളും പാലിച്ചാണ് നിർമ്മാണം നടത്തിയിട്ടുള്ളത്.

നല്ല നിലയിൽ ജനോപകാരപ്രദമായി പ്രവർത്തിക്കുന്ന ബാങ്കിനെ തകർക്കാനുള്ള ശ്രമമാണ് അരോണത്തിന് പിറകിലെന്ന് ബാങ്ക് പ്രസിഡന്റ് എം.ടി. വേലായുധൻ മാസ്റ്റർ അറിയിച്ചു.