കോടാലി: മലയോര മേഖലകളില്‍ മൂന്നു വര്‍ഷത്തോളമായി തുടരുന്ന കാട്ടാനശല്യത്തിന് തടയിടാനാകാത്തത് മലയോരവാസികളെ ആശങ്കയിലാക്കുന്നു. കാട്ടാനകളെ മെരുക്കാൻ ഒരുക്കിയ പദ്ധതികളെല്ലാം പരാജയപ്പെട്ടതോടെ കൃഷി നശിപ്പിക്കലും നാശനഷ്ടമുണ്ടാക്കലും വ്യാപകമായി. ശല്യം രൂക്ഷമായതോടെ വനംവകുപ്പ് പത്ത് കിലോമീറ്ററോളം ദൂരം സോളാര്‍ വേലി സ്ഥാപിച്ചെങ്കിലും കാര്യക്ഷമമായില്ല.

വനാതിര്‍ത്തി കടന്ന് കാട്ടാനകള്‍ ചില ദിവസങ്ങളില്‍ ജനവാസ കേന്ദ്രങ്ങളിലെ വീടുകള്‍ക്ക് സമീപവും എത്തുന്നുണ്ട്. മുപ്ലിയിലും പോത്തന്‍ചിറയിലും ആനകള്‍ വരുത്തിയ നാശനഷ്ടം സമീപവാസികളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. രാപ്പകൽ വ്യത്യാസമില്ലാതെ ഒന്നിലധികം തവണ കാട്ടാനകള്‍ വരുന്ന ദിവസങ്ങളുണ്ടത്രെ. ജീവനും സ്വത്തിനും സംരക്ഷണമില്ലാതെ എന്തു ചെയ്യണമെന്നറിയാത്ത നിലയിലാണ് കര്‍ഷകര്‍.

പറമ്പുകളിലെ കൃഷികള്‍ കാട്ടാനക്കൂട്ടമിറങ്ങി നശിപ്പിക്കുന്നതില്‍ നിരാശയിലാണ് കര്‍ഷകര്‍. 2017 മേയിൽ മുപ്ലിയില്‍ ആരംഭിച്ച കാട്ടാനശല്യം വെള്ളിക്കുളങ്ങര മേഖലയിലെ പത്തുകുളങ്ങര, മുപ്ലി, താളൂപാടം, പോത്തന്‍ചിറ, ഇഞ്ചക്കുണ്ട്, പരുന്ത് പാറ, കാരിക്കടവ്, പത്തുകുളങ്ങര, അമ്പനോളി, നായാട്ടുകുണ്ട്, ചൊക്കന, ഹാരിസന്‍ മലയാളം പ്ലാന്റേഷന്‍, വെള്ളിക്കുളങ്ങര തുടങ്ങിയ മേഖലകളിലേക്കും വ്യാപിക്കുകയായിരുന്നു.

വിവിധ കൃഷിയിടങ്ങളിലായി 300 ഓളം തെങ്ങുകളെങ്കിലും ആനകള്‍ നശിപ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്. കൂടാതെ റബ്ബര്‍, നേന്ത്രവാഴകള്‍, ഞാലിപ്പൂവന്‍, പൂവന്‍ വാഴകള്‍, കശുമാവ്, കുരുമുളക്, അടയ്ക്കാമരങ്ങള്‍, ജാതി, ഇഞ്ഞി, മഞ്ഞള്‍ തുടങ്ങിയ വിളകളും നശിപ്പിക്കുന്നുണ്ട്.

ഉപകാരമില്ലാതെ സോളാർ വേലി

വനംവകുപ്പിലും കളക്ടറേറ്റിലും മറ്റ് അധികൃതരോടും പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് വനംവകുപ്പ് സോളാര്‍വേലി സ്ഥാപിച്ചത്. രണ്ട് മീറ്റര്‍ ഉയരത്തില്‍ ഏഴ് ലൈനുകളില്‍ നിര്‍മ്മിച്ച വേലിക്കിടയിലൂടെ ചെറിയ ജീവികള്‍ക്കു പോലും പ്രവേശിക്കാനാകില്ലെന്നായിരുന്നു ധാരണ. എന്നാൽ ഇതൊന്നും ഫലവത്തായില്ല. എന്നാൽ വിവിധ പ്രദേശങ്ങളില്‍ കാട്ടാനകള്‍ കൂട്ടമായെത്തിയാണ് വിളകള്‍ നശിപ്പിക്കുന്നത്.

കഴിഞ്ഞ ജനുവരിയില്‍ ഇഞ്ചക്കുണ്ടിലെത്തിയ കാട്ടാനകള്‍ മണിക്കൂറുകളോളം റോഡിനു സമീപം കാട്ടില്‍ നിലയുറപ്പിച്ചത് വനപാലകരെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാക്കിയിരുന്നു. രാത്രിയില്‍ ജനവാസമേഖലയിലെത്തുന്ന കാട്ടാനകള്‍ പലപ്പോഴും പുലര്‍ച്ചെ വരെ കൃഷിയിടങ്ങളില്‍ മേഞ്ഞ ശേഷമാണ് കാട്ടിലേക്ക് തിരിക്കുക. തുടക്കത്തില്‍ മൂന്ന് ആനകളായിരുന്നു സ്ഥിരമായി എത്തിയിരുന്നതെങ്കിൽ ഇപ്പോൾ എണ്ണം വർദ്ധിച്ചിട്ടുണ്ട്.

മലയോര മേഖലയിൽ കാട്ടാനശല്യം തുടങ്ങിയിട്ട് മൂന്നു വർഷം

ആദ്യം നാട്ടിലെത്തിയത് 3 ആനകൾ, പിന്നീട് എണ്ണം വർദ്ധിച്ചു

നാളിതുവരെ 300 തെങ്ങുകൾ വരെ നശിപ്പിച്ചെന്ന് കണക്ക്

പത്തു കി.മീ ദൂരത്തിൽ സോളാർ വേലിയുണ്ടായിട്ടും ഗുണമില്ല

ആക്രമണത്തിൽ നിന്ന് സംരക്ഷണം വേണമെന്ന് കർഷകർ

കാട്ടാനശല്യം നേരിടുന്നത്

പത്തുകുളങ്ങര

മുപ്ലി

താളൂപാടം

പോത്തന്‍ചിറ

ഇഞ്ചക്കുണ്ട്

പരുന്ത് പാറ

കാരിക്കടവ്

പത്തുകുളങ്ങര

അമ്പനോളി

നായാട്ടുകുണ്ട്

ചൊക്കന

ഹാരിസന്‍ മലയാളം പ്ലാന്റേഷന്‍

വെള്ളിക്കുളങ്ങര