gvr-street-
കിഴക്കേനടയിൽ അപ്‌സര ജംഗ്ഷനിൽ റോഡ് കയ്യേറി ഷെഡ്‌കെട്ടി കച്ചവടം നടത്തുന്നവർ

ഗുരുവായൂർ: ക്ഷേത്ര നഗരിയിലെ റോഡുകളിൽ തെരുവോര കച്ചവടക്കാരുടെ കൈയേറ്റം. ഇതുമൂലം ശബരിമല തീർത്ഥാടകർ അടക്കമുള്ള ഭക്തരും നാട്ടുകാരും വഴിനടക്കാനാകാതെ ബുദ്ധിമുട്ടുന്നു. ഗുരുവായൂർ കിഴക്കെ നടയിലെ റോഡുകളിലാണ് തെരുവോര കച്ചവടക്കാരുടെ കൈയേറ്റം കൂടുതൽ.

കാന നിർമാണത്തിനും കുടിവെള്ള പൈപ്പിടലിനുമായി റോഡുകൾ വ്യാപകമായി പൊളിച്ചിട്ടിട്ടുള്ള നഗരത്തിൽ വഴിയോര കച്ചവടക്കാരുടെ കൈയേറ്റം കൂടിയായപ്പോൾ കാൽനട യാത്രയും ഗതാഗതവും ദുഷ്കരമായി. നഗരസഭയുടെയും ദേവസ്വത്തിന്റെയും പാർക്കിംഗ് ഗ്രൗണ്ടുകൾ അടച്ചിട്ടതും ദുരിതം വർദ്ധിപ്പിക്കുന്നു.

എന്നാൽ കൈയേറ്റങ്ങൾ കാണാത്തമട്ടിലാണ് നഗരസഭ. കഴിഞ്ഞ ശബരിമല സീസണുകളിൽ രാത്രിയാണ് വഴിയോര കച്ചവടക്കാർ നടപ്പാതകളും റോഡുകളും കൈയേറിയിരുന്നത്. എന്നാൽ ഇപ്പോൾ പകൽ തന്നെ റോഡുകൾ കച്ചവടക്കാരുടെ കൈകളിലാണ്. കൂടാതെ രാത്രി കച്ചവടം നടത്തുന്നവർ റോഡരികിൽ കെട്ടിമൂടിയിട്ട് പോകുന്ന തട്ടുകളും വഴിമുടക്കുന്നു.

മുൻ വർഷങ്ങളിൽ റോഡിന് വശങ്ങളിൽ തട്ടുകടകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ റോഡ് കൈയേറി ഷെഡ് കെട്ടിയാണ് പലരുടെയും കച്ചവടം. കച്ചവട സംഘങ്ങൾ തമ്മിൽ നടുറോഡിൽ തർക്കങ്ങളും പതിവാകുന്നുണ്ട്. കൈയേറ്റത്തിനെതിരെ നടപടിയെടുക്കേണ്ട നഗരസഭാ അധികൃതരാകട്ടെ നടപടിയെടുക്കുന്നതിന് തയ്യാറാകാതെ പരാതി പറയുന്നവർക്കു മുന്നിൽ നിസഹായരായി കൈമലർത്തുകയാണ്.

നഗരസഭ ഭരണത്തിൽ സ്വാധീനമുള്ള ചിലർക്ക് വേണ്ടപ്പെട്ടവരാണത്രെ കൈയേറ്റ കച്ചവടക്കാർക്ക് ഒത്താശ ചെയ്യുന്നത്. ഇതാണ് നഗരസഭയുടെ മൗനത്തിന് പിന്നിടെ രഹസ്യമെന്നും പറയപ്പെടുന്നു.