ചാലക്കുടി: കാപ്പി, കുരുമുളക്, ഏലം തുടങ്ങിയവ ശേഖരിച്ച് വിപണനം നടത്താൻ ഷോളയാർ ഗിരിജൻ സൊസൈറ്റിയുടെ ചാലക്കുടിയിൽ ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു. ഒമ്പതു വർഷം മുമ്പ് നിലച്ചുപോയ സൊസൈറ്റി പുനരുദ്ധരിച്ച ശേഷമുള്ള ആദ്യ യോഗമായിരുന്നു പൊതുമരാമത്ത് വിശ്രമ കേന്ദ്രത്തിൽ ചേർന്നത്.
വാഴച്ചാൽ മുതൽ മലക്കപ്പാറ വരെയുള്ള ആദിവാസി കോളനികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് രൂപീകരിച്ച സൊസൈറ്റിയുടെ പ്രവർത്തനം ഇല്ലാതായത് ഏറെ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. ആദിവാസികൾക്ക് കുടുതൽ തൊഴിൽ ദിനങ്ങൾ നൽകാനും യോഗത്തിൽ തീരുമാനമായി.സൊസൈറ്റിയുടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനും തീരുമാനിച്ചു.
സൊസൈറ്റി ചെയർമാൻ സി. ലതിക അദ്ധ്യക്ഷനായി. ബി.ഡി. ദേവസ്സി എം.എൽ.എ, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു. വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല, വാഴച്ചാൽ ഡി.എഫ്.ഒ: എസ്.വി. വിനോദ് തുടങ്ങിയവർ സംബന്ധിച്ചു.