തൃശൂർ: തണ്ണീർത്തടം നികത്തുന്നതുമായി ബന്ധപ്പെട്ട അജൻഡയിൽ സർക്കാരാണ് അന്തിമതീരുമാനം എടുക്കേണ്ടതെന്ന് മേയർ അജിത വിജയൻ. ലാൻഡ് പൂളിംഗ് പദ്ധതി അനുസരിച്ചാണ് ഇത്തരം സ്ഥലം മറ്റ് ആവശ്യങ്ങൾക്കു വിട്ടുനൽകുക. അതിനാൽ സർക്കാരിലേക്കു വിഷയം വിടാമെന്നു ധാരണയായിരുന്നു. എന്നാൽ പാടം നികത്താൻ മേയറും കൂട്ടുനിന്നു എന്ന തരത്തിൽ ചിലർ പ്രചാരണം അഴിച്ചുവിടുകയാണ്. 2008ൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നശേഷം അതിനെ തുരങ്കം വയ്ക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. പുഴയ്ക്കൽ പാടത്ത് ഷോപ്പിംഗ് മാളുകൾ, കച്ചവട സ്ഥാപനങ്ങൾ, എം.എൽ.എ റോഡ് എന്നിവയുണ്ടായത് നിലം നികത്തിയാണ്. പുറമേ ബസ് സ്റ്റാൻഡ് വിത്ത് ഹബ് എന്ന ആശയവുമുണ്ട്. പുതിയ ബസ് സ്റ്റാൻഡ് 2012 ലെ മാസ്റ്റർ പ്ലാനിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബസ് സ്റ്റാൻഡ് നിർമ്മിക്കാൻ സ്ഥലം തരാമെന്ന് സ്വകാര്യ വ്യക്തികൾ അപേക്ഷ തന്നാൽ അതിനെ ഭയപ്പെടുന്നതെന്തിനാണെന്നും മേയർ ചോദിച്ചു.