കൊടുങ്ങല്ലൂർ: പുല്ലൂറ്റ് വില്ലേജിൽ പട്ടികജാതി വിദ്യാർത്ഥികൾക്കായി നിർമ്മിച്ചിട്ടുള്ള പ്രീമെട്രിക് ഹോസ്റ്റൽ, കുട്ടികളുടെ അഭാവത്തിൽ പോസ്റ്റ് മെട്രിക് വനിതാ ഹോസ്റ്റലാക്കി മാറ്റുന്നതിന് നഗരസഭാ കൗൺസിൽ യോഗം ശുപാർശ ചെയ്തു. കോട്ടപ്പുറം മാർക്കറ്റിൽ പുതുതായി നഗരസഭ നിർമ്മിച്ച കടമുറികൾ ലേലം ചെയ്യുവാനും ലൈബ്രറി കെട്ടിടം ഈ മാസം 11 ന് ഉദ്ഘാടനം ചെയ്യുവാനും കൗൺസിൽ അനുമതി നൽകി.

മേത്തല പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായി ഒരു ഡോക്ടറെ നഗരസഭ ശമ്പളം നൽകി നിയമിക്കും. ചാപ്പാറയിലെ പൊതുകിണർ സംരക്ഷിക്കുന്നതിനും റീചാർജ്ജ് ചെയ്യുന്നതിനും കാലാകാലങ്ങളിൽ വൃത്തിയാക്കുന്നതിനും നെറ്റ് ഇടുന്നതിനും എ.കെ അയ്യപ്പൻ - സി.വി സുകുമാരൻ സ്മാരക വായനശാലയ്ക്ക് അനുമതി നൽകി. ഒരു കുടുംബം മാത്രം ഉപയോഗിക്കുന്ന പൊതു ടാപ്പ് നിറുത്തലാക്കാനും പകരം ഇവയുടെ ഉപഭോക്താക്കൾക്ക് സബ്സിഡിയോടെ ഗാർഹിക കണക്‌ഷൻ നൽകുവാനും യോഗം തീരുമാനിച്ചു.

മാലിന്യം തരം തിരിച്ച് സംസ്കരിക്കേണ്ടതിന്റെ ആവശ്യം വിദ്യാർത്ഥികളെ ബോദ്ധ്യപ്പെടുത്തുന്നതിനും ശുചിത്വ സംസ്കാരം വളർത്തിയെടുക്കുന്നതിനും കൊടുങ്ങല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലും ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും കലക്ടേഴ്സ് അറ്റ് സ്കൂൾ പദ്ധതി നടപ്പിലാക്കും. പുതിയ ബസ് സ്റ്റാൻഡിലേയ്ക്കുള്ള വഴിയിൽ അശോക തിയേറ്റർ മുതൽ ബസ് സ്റ്റാൻഡ് വരെയുള്ള റോഡിൽ സോളാർ ലൈറ്റ് സ്ഥാപിക്കുന്നതിന് നടപടി എടുക്കുന്നതിനും യോഗത്തിൽ ധാരണയായി. ചെയർമാൻ കെ.ആർ ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ഹണി പീതാംബരൻ, കെ.എസ് കൈബാബ്, സി.കെ രാമനാഥൻ, പി.എൻ രാമദാസ്, സി.സി വിപിൻചന്ദ്രൻ, പ്രതിപക്ഷ നേതാവ് വി.ജി ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു...