കൊടുങ്ങല്ലൂർ: നാടൻ രുചികളുടെ പെൺപെരുമയുമായി കഫേ കുടുംബശ്രീ ഇനി മതിലകം പഞ്ചായത്തിലും. കലർപ്പില്ലാത്ത സ്വാദുളള ഭക്ഷണം മിതമായ വിലയിൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് അഞ്ചാം വാർഡിലെ ഭാഗ്യശ്രീ കുടുംബശ്രീയിലെ അംഗങ്ങളായ വാഹിദ, ശ്രീജ, നസീമ, റഷീദ എന്നിവർ ചേർന്ന് ഭക്ഷ്യശാല ആരംഭിച്ചത്.

ഭക്ഷ്യസുരക്ഷാ നിയമം പൂർണ്ണമായും പാലിച്ചാണ് കഫേ പഞ്ചായത്ത് കെട്ടിടത്തിൽ ആരംഭിച്ചിരിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ സബ്‌സിഡിയോടെയാണ് തുടക്കം. ഇതിനായി സംരംഭകത്വ വികസനം, പാചകം, വിതരണം, പരിചരണം, പരിപാലനം, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ ഇവർ പരിശീലനം നേടി. ആഡംബര ഹോട്ടലിന്റെ പകിട്ടോടെയാണ് ആരംഭിക്കുന്നത്. ശീതീകരിക്കാത്ത ഭക്ഷ്യ വിഭവങ്ങളാണ് വിളമ്പുക. ആവിയിൽ വേവിച്ച പലഹാരങ്ങൾ മുതൽ നാടൻ ശീതളപാനീയങ്ങളും ലഭ്യമാണ്.

മിതമായ നിരക്കിൽ ചെമ്മീൻ, പച്ചക്കറി ബിരിയാണികളും നൽകുന്നു. വ്യത്യസ്തമായ അച്ചാറുകളും ഇവിടുത്തെ പ്രത്യേകതയാണ്. ചക്ക അച്ചാർ, ചക്കക്കുരു അച്ചാർ, കപ്പക്കായ അച്ചാർ തുടങ്ങി വട്ടേപ്പം, കറുകയിലയപ്പം, അട തുടങ്ങിയ നാടൻ വിഭവങ്ങളും ഇവിടെ ലഭിക്കും. ഗൃഹാന്തരീക്ഷത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഇരിങ്ങാലക്കുട വനിതാ പൊലീസ് സ്റ്റേഷൻ സി.പി.ഒ അപർണ ലവകുമാർ ഉദ്ഘാടനം ചെയ്തു. മതിലകം പഞ്ചായത്ത് പ്രസിഡന്റ് ഇ. ജി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് സുവർണ ജയശങ്കർ ആദ്യ വിൽപ്പന നടത്തി.