തൃശൂർ : ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയുള്ള നടപടി പ്രാബല്യത്തിൽ വന്നതോടെ നിയമം കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. ബോധവത്കരണ പരിപാടി കഴിഞ്ഞാണ് നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. എന്നാൽ പൊലീസ് ഇക്കാര്യത്തിൽ കർശന നിലപാടുകളിലേക്ക് നീങ്ങിയിട്ടില്ല. വിവിധ സ്‌കൂളുകളെയും സംഘടനകളെയും സംഘടിപ്പിച്ച് ബോധവത്കരണ പരിപാടികളാണ് ആദ്യം നടത്തുന്നത്.

ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ വിദേശ നിർമ്മിത ഹെൽമറ്റുകളും വിപണിയിലേക്കെത്തി തുടങ്ങി. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും നിർമിക്കുന്ന ഹെൽെമറ്റുകളാണ് കേരളത്തിലേക്കെത്തിയിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിലെ ഇ.സി.ഇ. സർട്ടിഫിക്കേഷനും അമേരിക്കയിലെ എഫ്.എം.വി.എസ്.എസ് സർട്ടിഫിക്കേഷനുമുള്ള വില കൂടിയ ഇനങ്ങളാണ് ഇവ. 4000 രൂപ മുതലാണ് വിദേശ ഹെൽമെറ്റുകൾ ലഭിക്കുന്നത്. പെട്ടെന്ന് കേടാകാതെയും പോറൽ വീഴാതെയും ചില്ലിന് മങ്ങലേൽക്കാതെയും പരിരക്ഷിക്കുന്ന ആകർഷകവും ആധുനികവുമായ സംവിധാനം വിദേശ ഹെൽമെറ്റിലുണ്ട്.

25, 000 രൂപ വരെയുള്ള ഇനങ്ങളുണ്ട്. ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ ഹെൽമെറ്റ് തേടിയെത്തുന്ന യുവാക്കളിൽ 80 ശതമാനത്തിലേറെ ആവശ്യപ്പെടുന്നത് യൂറോപ്യൻ ഇനങ്ങളാണെന്ന് വ്യാപാരികൾ പറയുന്നു.

പിഴ ഈടാക്കിയത്

30 പേരിൽ നിന്ന്
പിഴ ഈടാക്കിയത് ആകെ 59,250


വില കൂടുന്നു


ഇരു ചക്രവാഹനത്തിന് പിന്നിലിരിക്കുന്നവരും ഹെൽമെറ്റ് ധരിക്കണമെന്ന ഉത്തരവിറങ്ങിയതോടെ ഹെൽമറ്റ് വിപണിയിൽ തിരക്കേറി. ഏറ്റവും കൂടുതൽ ആവശ്യക്കാരെത്തുന്നത് കുട്ടികളുടെ ഹെൽമറ്റിനായാണ്. 850 രൂപ മുതൽ 3000 രൂപ വരെയുണ്ട് വില. കുട്ടികൾക്കുപയോഗിക്കാവുന്ന ചട്ടിത്തൊപ്പി പോലുള്ള വ്യാജ ഹെൽമെറ്റുകളും നിരത്തുകളിലുണ്ട്. ഹെൽമറ്റ് നിർബന്ധമാക്കിയതോടെ ഹെൽമെറ്റ് വിപണിയിൽ സ്റ്റോക്കില്ലായ്മയും അനുഭവപ്പെട്ട് തുടങ്ങി. അതിനിടെ നൂറു മുതൽ 200 രൂപ വരെ വിലയും വർദ്ധിച്ചു.


പിഴ ഇങ്ങനെ

ഹെൽമെറ്റ് ധരിക്കാത്തവർ വാഹനത്തിലുണ്ടെങ്കിൽ

500 രൂപ

ആവർത്തിച്ചാൽ പിഴ 1000 രൂപ

തുടർന്നാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യും.