ഇരിങ്ങാലക്കുട: പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം സംസ്ഥാനത്ത് 1.11 ലക്ഷം പേർക്ക് പട്ടയം വിതരണം ചെയ്തതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ജില്ലയിൽ ഇരിങ്ങാലക്കുടയിലേക്ക് അനുവദിച്ച ലാൻഡ് ട്രൈബ്യൂണൽ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഭൂപരിഷ്‌കരണ നിയമം നടപ്പിൽ വന്നിട്ട് അമ്പതാണ്ട് പിന്നിട്ടിട്ടും അർഹതയുള്ള മുഴുവൻ പേർക്കും ഇപ്പോഴും ഭൂമി വിതരണം ചെയ്യാൻ കഴിയാത്തത് തീരാദു:ഖമായി നിലനിൽക്കുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് രണ്ടര ലക്ഷത്തോളം പട്ടയ അപേക്ഷകളാണ് ഇപ്പോൾ സർക്കാറിന്റെ മുന്നിലുള്ളത്. പട്ടയ വിതരണ നടപടികൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ ലാൻഡ് ട്രൈബ്യൂണലുകൾ രൂപീകരിച്ചിരിക്കുന്നതെന്നും ക്വാസി ജൂഡീഷ്യൽ അധികാരത്തോടുകൂടി സ്‌പെഷ്യൽ തഹസിൽദാർമാരെ നിയമിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുകുന്ദപുരം താലൂക്കിനെയും ഇരിങ്ങാലക്കുട ലാൻഡ് ട്രൈബ്യൂണലിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. പ്രൊഫ. കെ.യു അരുണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുകുന്ദപുരം, കൊടുങ്ങല്ലൂർ താലൂക്കുകളുടെ പരിധിയിലുള്ള 22 ഓളം പേർക്ക് പട്ടയ ഉത്തരവുകൾ ചടങ്ങിൽ വിതരണം ചെയ്തു. എം.എൽ.എമാരായ ഇ.ടി ടൈസൻ, അഡ്വ. വി.ആർ സുനിൽകുമാർ, നഗരസഭ ചെയർമാന്മാരായ നിമ്യാ ഷിജു, കെ.ആർ. ജൈത്രൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ്, ബ്ലോക്ക് പ്രസിഡന്റുമാരായ വി.എ മനോജ്കുമാർ, കെ.കെ. അബീദലി, ഇ.കേശവൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.