കോടാലി: ഇത് മുരിക്കുങ്ങൽ നബിയാംകുളം കുഞ്ഞിപ്പാത്തുമ്മ(55). ആറുമാസം മുൻപാണ് മുപ്ലിയിൽ കാട്ടാനയ്ക്ക് മുന്നിൽപ്പെട്ടത്. കുണ്ടായി ഹാരിസൺ മലയാളം എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായിരുന്നു. ജോലിക്ക് പോകുന്നതിനിടെയാണ് ആനയുടെ മുന്നിൽപ്പെട്ടത്. ഇതേക്കുറിച്ച് ചോദിച്ചാൽ കുഞ്ഞിപ്പാത്തുമ്മ ഇപ്പോഴും പറയും... 'പടച്ചോന്റെ കൃപ, ജീവൻ കിട്ടിയത് ഭാഗ്യം. എന്നാലും കൈയും കാലും തണ്ടെല്ലും വേദന ഇപ്പോഴുമുണ്ട്.'
'താളുപ്പാടം മുപ്ലി റോഡിൽ വനപാലകർക്കായി നിർമ്മിച്ച ക്വാർട്ടേഴ്സിനു സമീപമാണ് ആന ചിന്നം വിളിച്ച് നിൽക്കുന്നത് കണ്ടത്. റോഡിന്റെ വളവിൽ ആയതിനാൽ ദൂരെനിന്നും കാണാൻ കഴിഞ്ഞില്ല. സഹോദരന്റെ മകൻ അസറുദ്ദീനുമൊപ്പം ബൈക്കിൽ പോകുകയായിരുന്നു. ഏകദേശം അഞ്ചു മീറ്റർ അകലെ വച്ചാണ് ആനയെ കണ്ടത്. ബൈക്ക് നിറുത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് വീണു. എഴുന്നേറ്റ് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ്ടും വീണതോടെ ബോധം പോയി.' - ആക്രമണ അനുഭവങ്ങളെ കുറിച്ച് പാത്തുമ്മ പറഞ്ഞുനിറുത്തി.
റോഡിനപ്പുറത്ത് നിലയുറപ്പിച്ച ആനയിൽ നിന്നും അസറുദ്ദീനാണ് ഒച്ച വച്ച് ആളുകളെ അറിയിച്ചത്. പിന്നീട് തൊഴിലാളികളും മറ്റും ചേർന്നാണ് ആനയെ ഓടിച്ചുവിട്ടതും പാത്തുമ്മയെ ആശുപത്രിയിൽ എത്തിച്ചതും. തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടും ശരീരവേദന അലട്ടുന്നതിനാൽ വിശ്രമത്തിലാണ്. കണ്ണിനേറ്റ മുറിവ് ഉണങ്ങിയെങ്കിലും പൂർവ സ്ഥിതിയിലായിട്ടില്ല. തുറക്കുമ്പോഴും അടയ്ക്കുമ്പോഴും അസ്വസ്ഥതയുണ്ട്. നാല് പല്ലുകളും അന്ന് നഷ്ടപ്പെട്ടു.
കമ്പനിക്ക് പുറത്ത് നടന്ന അപകടമായതിനാൽ ആനുകൂല്യങ്ങൾ ഒന്നുംതന്നെ പാത്തുമ്മക്ക് ലഭിച്ചില്ല. നഷ്ടപരിഹാരത്തിനായി വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും ഇതുവരെ ഒരു സഹായവും കിട്ടിയില്ല. സമീപ പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം ഇപ്പോഴും വാഴയും കവുങ്ങും തെങ്ങിൻ തൈകളും മറ്റും നശിപ്പിക്കാനെത്തുമ്പോൾ ഉള്ളിൽ ഭയമാണെന്നും കുഞ്ഞിപാത്തുമ്മ പറയുന്നു.
മുപ്ലിയിൽ നടന്നത്
മുപ്ലിയിലെ ജനവാസ കേന്ദ്രത്തിൽ ആനയിറങ്ങിയത് ആദ്യം 2017 മേയ് 30ന്
മുപ്ലി കുണ്ടായി എസ്റ്റേറ്റിനു സമീപമുള്ള പറമ്പുകളിൽ കൃഷിനാശമുണ്ടാക്കി
ഓലിക്കൽ ജോർജിന്റെയും വെളുത്താൻ ശാന്തയുടെയും തെങ്ങുകൾ മറിച്ചിട്ടു
പറമ്പുകളിലെ തെങ്ങും വാഴകളും റബറും വേപ്പുമരവും പ്ലാവും നശിപ്പിച്ചു
കമ്പിവേലി, കരിങ്കൽ മാട്ടം എന്നിവ തകർത്തായിരുന്നു ആനകളുടെ വരവ്
കൃഷിനാശമുണ്ടായ കർഷകർ
ഓലിക്കൽ ജോർജ്, വെളുത്താൻ ശാന്ത, അമ്പനോളി സ്വദേശി ചിരണക്കൽ പോൾ, സി.കെ. നാരായണൻ, താനിക്കൽ ഫിലോമിന, കളത്തിങ്കൽ ഡേവീസ്, മുണ്ടാടൻ പോൾ
രാത്രി 12 മണിയോടെയാണ് മുപ്ലിയിലെ ജനവാസ കേന്ദ്രത്തിൽ അന്ന് ആന എത്തിയത്. മാൻ, പന്നി എന്നിവയുടെ ശല്യം ഇടയ്ക്കിടെ ഉണ്ടാകാറുണ്ടെങ്കിലും ആനയുടെ ആക്രമണം ആദ്യമായിട്ടായിരുന്നു. ആനകൾ അന്ന് പുലർച്ചെയോടെ മുപ്ലി വില്ലുകുന്ന് മലയിലേക്ക് കയറി. ഈ ആനകളാണ് ആഴ്ചകൾക്ക് ശേഷം വില്ലുകുന്ന് മലയുടെ മറുവശത്തുള്ള പോത്തുംചിറയിലും എത്തിയതെന്നും കരുതുന്നു.
- ഓലിക്കൽ ജോർജ്, നാട്ടുകാരൻ
ആനപ്പേടിയുള്ള ഗ്രാമങ്ങൾ
നായാട്ടുകുണ്ട്, ചൊക്കന, പോത്തുംചിറ, മുപ്ലി, അമ്പനോളി, താളുപ്പാടം, വില്ലുകുന്ന് മല