തൃപ്രയാർ: സംസ്ഥാന സ്‌കൂൾ കായികമേളയിൽ മികച്ച വിജയം കരസ്ഥമാക്കിയ താരങ്ങളെ ആദരിക്കലും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. വിജയം കരസ്ഥമാക്കിയ ആൻസി സോജൻ, അതുല്യ, കായിക അദ്ധ്യാപകൻ കണ്ണൻ മാഷ് എന്നിവരെ നാട്ടിക ഗവ. ഫിഷറീസ് ഹൈസ്‌കൂൾ എസ്.എസ്.എൽ.സി 92 -94 ബാച്ച് പൂർവ വിദ്യാർത്ഥികളാണ് ആദരിച്ചത്. ഇതിനോട് അനുബന്ധിച്ച് നാട്ടിക ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസും നടത്തി. ആർ.എം. മനാഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജി.എസ്.ടി ഡപ്യൂട്ടി കമ്മീഷണർ അഭിലാഷ് പി.എ ഉദ്ഘാടനം ചെയ്തു. ടി.എം. ഷൗക്കത്തലി മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. നാട്ടിക സ്‌പോർട്‌സ് അക്കാഡമി ചെയർമാൻ ബി.കെ ജനാർദ്ദനൻ, സ്‌കൂൾ അദ്ധ്യാപകൻ ശ്രീജിത്ത്, സജിത രമേശ്, ഉണ്ണിക്കൃഷ്ണൻ കെ.കെ എന്നിവർ സംസാരിച്ചു.