എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച വയോജന പാർക്ക് കാട് പിടിച്ച് നശിക്കുന്നു. 2017-18 സാമ്പത്തിക വർഷത്തിൽ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് മങ്ങാട് പ്രദേശത്ത് വയോജന പാർക്ക് നിർമ്മിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് വർഷം പിന്നിട്ടിട്ടും പാർക്ക് വയോധികർക്കായി തുറന്ന് കൊടുത്തിട്ടില്ല. വിശ്രമിക്കുന്നതിനായി നിർമ്മിച്ചിട്ടുള്ള തണൽ ഷെഡുകൾ കാട് പിടിച്ച് ഉപയോഗശൂന്യമായിരിക്കുകയാണ്. പാർക്കിലെ നടവഴികളിൽ മദ്യക്കുപ്പികളും, ലഹരി വസ്തുക്കളുടെ പാക്കറ്റുകളും കൂട്ടിയിട്ട നിലയിലാണ്. വൈകുന്നേരങ്ങളിൽ പാർക്ക് സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇത് പരിസരവാസികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നും ആരോപണമുണ്ട്. വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി നിർമ്മിച്ച പാർക്ക് സംരക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.