പുതുക്കാട്: പഞ്ചായത്തിലെ നെല്ലറയായ ഉഴിഞ്ഞാൽപാടത്തെ ജലസേചനത്തിനായി മറവാഞ്ചേരിയിൽ റെഗുലേറ്റർ പുനർനിർമ്മിച്ചത് അശാസ്ത്രീയമെന്ന് ആരോപണം. ഇതേത്തുടർന്ന് പാടശേഖരത്തിലെ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസപെട്ടു.
മദ്ധ്യഭാഗം താഴ്ന്നും രണ്ട് വശങ്ങൾ ഉയർന്നതുമായ ഊഞ്ഞാലാട്ടത്തിന് സമാനമായതിനാലാണ് പാടശേഖരത്തിന് ഉഴിഞ്ഞാൽ പാടം എന്ന് പേരുവന്നതെന്നാണ് പഴമൊഴി. റെഗുലേറ്റർ പുനർനിർമ്മിച്ച ശേഷം രണ്ട് കാലവർഷത്തിലും മുമ്പില്ലാത്തവിധം മേഖലയിൽ വെള്ളം ഉയർന്നത് ഒഴുക്ക് തടസപെട്ടത് കാരണമാണെന്നാണ് ആക്ഷേപം.
ലക്ഷങ്ങൾ ചെലവിട്ട് റെഗുലേറ്റർ നിർമ്മിച്ചത് വേണ്ടത്ര പഠനം നടത്താതെയാണെന്ന് കാലം തെളിയിച്ചു. നെൽക്കൃഷി വർദ്ധിപ്പിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ തലതിരിഞ്ഞ പ്രവൃത്തികൾ മൂലം ലക്ഷ്യം കാണാതെ പോവുന്നതിന് ഉദാഹരണമാണ് ഉഴിഞ്ഞാൽ പാടം.
പഴയ റെഗുലേറ്റർ
മരപ്പലക ഉപയോഗിച്ച് അടയ്ക്കാനും തുറക്കാനും സാധിക്കുന്ന മൂന്ന് റെഗുലേറ്ററുകളായിരുന്നു മുൻപ് ഉണ്ടായിരുന്നത്. പാടശേഖരത്തിനു മദ്ധ്യേയുള്ള തോടിന്റെ മുപ്ലിയം റോഡിനോട് ചേരുന്നിടത്താണ് മോട്ടോർ ഷെഡും റെഗുലേറ്ററും സ്ഥിതി ചെയ്തിരുന്നത്. ഷട്ടറുകൾ താഴ്ത്തി പാടശേഖരത്തിലെ വെള്ളം പെട്ടിയും പറയും ഉപയോഗിച്ച് പമ്പ് ചെയ്ത് പുഴയിലേക്ക് ഒഴുക്കിയാണ് പാടശേഖരം കൃഷിക്ക് ഉപയുക്തമാക്കിയിരുന്നത്.
പുതിയ റെഗുലേറ്റർ
പുനർ നിർമ്മിച്ചപ്പോൾ വലുപ്പം കൂട്ടി ഒറ്റഷട്ടറാക്കി, അടിത്തറയ്ക്ക് ഉയരം കൂട്ടി. അടിത്തറയുടെ ഉയരം വർദ്ധിച്ചതിനാൽ പുഴയിലെ ജലനിരപ്പ് താഴുന്നതിനനുസരിച്ച് പാടശേഖരത്തിലെ വെള്ളം പുഴയിലേക്ക് ഒഴുകാതായി. പുഴയിൽ നിന്നും പാടശേഖരത്തിലേക്ക് വെള്ളം കടത്തുന്നതിനും അടിത്തറയുടെ ഉയരം വർദ്ധിച്ചത് തടസമായി. മൂന്ന് റെഗുലേറ്ററുകൾ ഒന്നാക്കിയതോടെ വർഷകാലത്ത് വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞു. ഇത് പാടശേഖരത്തോട് ചേർന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും കാരണമായി.