ഗുരുവായൂർ: ഏകാദശി ആഘോഷങ്ങൾക്കായി 40.96 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം നൽകിയതായി ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് അറിയിച്ചു. മൂന്ന് ദിവസത്തെ പ്രസാദ ഊട്ടിനായി മാത്രം 24.06 ലക്ഷം രൂപ ദേവസ്വം നീക്കിവെച്ചിട്ടുണ്ട്. ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജയ്ക്കായി 2.50 ലക്ഷവും ദേവസ്വം വകയിരുത്തി. പന്തൽ, വൈദ്യുതാലങ്കാരം, പുഷ്പാലങ്കാരം തുടങ്ങിയവയ്ക്കും തുക വകയിരുത്തി. ക്ഷേത്ര ദർശനത്തിനും പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തി. കിഴക്കെ ഗോപുരം വഴിയാണ് ദർശനത്തിനായുള്ള ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുക. രാവിലെ ക്ഷേത്രത്തിൽ ശീവേലിക്ക് ശേഷം ആറ് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വി.ഐ.പികളുൾപ്പെടെയുള്ള പ്രത്യേക ദർശന സൗകര്യമുണ്ടായിരിക്കുന്നതല്ല.
എന്നാൽ നെയ് വിളക്ക് ശീട്ടാക്കുന്ന ഭക്തർക്കും ചോറൂൺ വഴിപാട് നടത്തുന്നവർക്കും കിഴക്കെ നടപ്പന്തലിൽ വരിയിൽ നിൽക്കുന്ന ഭക്തർക്കും മാത്രമായിരിക്കും ഈ സമയത്ത് ദർശന സൗകര്യമുണ്ടാകുക. പ്രാദേശികക്കാർക്കുള്ള വരി രാവിലെയും വൈകീട്ടും 4 മുതൽ 6 വരെ മാത്രമേ ഉണ്ടായിരിക്കൂ. പുറത്തെ പന്തലിൽ കൂടി മാത്രമേ പ്രാദേശികക്കാരെ പ്രവേശിപ്പിക്കൂ. ഏകാദശി വ്രതം നോറ്റെത്തുന്നവർക്കായി വിപുലമായ പ്രസാദ ഊട്ടും ഒരുക്കും. ഗോതമ്പ് ചോറ്, രസക്കാളൻ, പുഴുക്ക്, അച്ചാർ, ഗോതമ്പ് പായസം എന്നിവയാകും വിഭവങ്ങൾ. ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്ത് അന്നലക്ഷ്മി ഹാളിലും ക്ഷേത്രത്തിന് തെക്കു ഭാഗത്ത് തയ്യാറാക്കുന്ന പ്രത്യേക പന്തലിലുമായാണ് പ്രസാദ ഊട്ട് വിളമ്പുക.
നാല്പതിനായിരത്തോളം പേർ പ്രസാദ ഊട്ടിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകാദശി ദിവസം ക്ഷേത്രത്തിൽ ദേവസ്വം വകയാണ് ഉദയാസ്തമന പൂജയോടു കൂടിയുള്ള വിളക്കാഘോഷം നടക്കുക. രാവിലെ കാഴ്ച്ച ശീവേലിക്ക് പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ മേളം അകമ്പടിയാകും. ശീവേലിക്ക് ശേഷം വൈക്കം ചന്ദ്രന്റെ പ്രമാണത്തിൽ പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടക്കും. വൈകിട്ട് പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് രഥം എഴുന്നള്ളിപ്പുമുണ്ടാകും.