tik-tok

ചേലക്കര: ടിക് ടോക്കിലൂടെ പ്രണയിനിയായ യുവതി കാമുകനെ തേടി ചേലക്കരയിലെത്തി. നാട്ടുകാർ പിടികൂടി പൊലീസ് സ്റ്റേഷനിലാക്കിയ യുവതിയെ സഹോദരനോടൊപ്പം തിരിച്ചയച്ചു. ചേലക്കരയിൽ കഴിഞ്ഞ ദിവസമാണ് സംഭവം.

കുറച്ചു കാലം മുമ്പാണ് 25കാരിയായ ഇടുക്കി ജില്ലക്കാരി യുവതിയും 21കാരനായ ചേലക്കരക്കാരൻ യുവാവും തമ്മിൽ ടിക്ടോക്ക് ചാറ്റ് മൂത്ത് പ്രണയാർദ്രരായത്.

ഇരുവരുംകുറച്ച് കറക്കമൊക്കെ കഴിഞ്ഞ ശേഷമാണ് കാമുകിക്ക് രണ്ട് മക്കളുണ്ടെന്നും ഭർത്താവ് ഉപേക്ഷിച്ചതാണെന്നും കാമുകന് പിടികിട്ടിയത്. പിന്നെ തടി ഊരാനുള്ള ശ്രമമായി. ചാറ്റിംഗും ഫോൺ വിളിയും നിറുത്തിവച്ച് നല്ല നടപ്പുകാരനായി ഇരിക്കുന്ന സമയത്താണ് യുവതി കാമുകനെ തേടി ഇറങ്ങിയത്. കാമുകൻ യഥാർത്ഥ പേര് കാമുകിക്ക് പറഞ്ഞു കൊടുത്തിരുന്നില്ലെങ്കിലും വിളിപ്പേരും വീടിരിക്കുന്ന സ്ഥലവും വഴിയും അയൽക്കാരെക്കുറിച്ചുമൊക്കെ ലോഹ്യവേളയിൽ കാമുകിക്ക് കൈമാറിയിരുന്നു. അങ്ങനെയാണ് എറണാകുളത്ത് അമ്മയുമൊത്തുള്ള വാസസ്ഥലത്തു നിന്നും യുവതി ചേലക്കരയ്ക്ക് തിരിച്ചത്.


നാട്ടുകാർക്ക് സംശയം തോന്നാതിരിക്കാൻ കറുത്തപർദ്ദ ധരിച്ചതാണ് വിനയായത്. ലക്ഷ്യം വച്ച് കാമുക വീടിന്റെ അയൽവക്കത്തു വരെ എത്തിച്ചേർന്നു. ആരോഗ്യ വകുപ്പിൽ നിന്നും ഡെങ്കിപ്പനി ബാധിതരുടെ സർവേ എടുക്കാൻ വന്നതാണന്ന് നാട്ടുകാരോടു പറഞ്ഞ യുവതി കാമുകൻ പറഞ്ഞ പേരിലുള്ള ആളെ അന്വേഷണം ആരംഭിച്ചു. സംശയം തോന്നിയ നാട്ടുകാരായ സ്ത്രീകൾ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരോടു ബന്ധപ്പെട്ടപ്പോൾ ഡെങ്കിപ്പനി സർവേക്ക് ആരെയും നിയോഗിച്ചിട്ടില്ലന്ന് വിവരം അറിയിച്ചു.

സൂഷ്മ നിരീക്ഷണം നടത്തിയ സ്ത്രീകൾ കൈവിരലുകളിലെ ക്യൂട്ടക്‌സും പർദ്ദയും ശ്രദ്ധിച്ചു. മതാചാരത്തിലെ വൈരുദ്ധ്യം കണ്ട സ്ത്രീകൾക്ക് യുവതിയിൽ സംശയം കനത്തു. പിന്നെ സ്ത്രീകൾ നടത്തിയ ചോദ്യം ചെയ്യലിനിടെ തന്നെ യുവതി ചുരിദാറിനു മുകളിൽ അണിഞ്ഞിരുന്ന പർദ്ദ സ്വയം ഊരിമാറ്റി. തന്നെ ചതിച്ച കാമുകനെ അന്വേഷിച്ചു വന്നതാണെന്ന് അറിയിച്ചു. പൊലീസിനെ വിളിക്കരുതെന്ന യുവതിയുടെഅഭ്യർത്ഥന തള്ളിയ നാട്ടുകാർ ചേലക്കര പൊലീസിനെ വിവരം അറിയിച്ചു.

സ്റ്റേഷനിലേക്ക് കൊണ്ടുവന്ന യുവതിയുടെ കൈയ്യിൽ നിന്നു ലഭിച്ച ഫോൺ നമ്പറിൽ എസ്.ഐ വിളിച്ചപ്പോൾ ഫോൺ എടുത്ത കാമുകനെ സ്റ്റേഷനിൽ വരുത്തി. അപ്പോഴാണ് അയൽവക്കത്തെ അജ്ഞാത കാമുകനെ നാട്ടുകാർ തിരിച്ചറിഞ്ഞത്. പൊലീസ് ചർച്ചയിലും കാമുകിയെ സ്വീകരിക്കാൻ യുവാവ് തയ്യാറായില്ല. അവസാനം യുവതിയുടെ സഹോദരനെ പൊലീസ് വിളിച്ചു വരുത്തി. കാമുകനെ ഉപേക്ഷിച്ച്‌ സഹോദരനോടൊപ്പം പോകാൻ യുവതി തയ്യാറായി. ചേലക്കരയിൽ നിന്നും വണ്ടി കയറിയപ്പോഴാണ് കാമുകനും ഒപ്പമുള്ളവർക്കും ആശ്വാസമായത്.