വാടാനപ്പിള്ളി: തളിക്കുളത്ത് രാത്രിയിൽ സാമൂഹികവിരുദ്ധരുടെ വിളയാട്ടം. വീട് കല്ലെറിഞ്ഞ് തകർത്തു. കടയുടെ പൂട്ട് തകർത്ത് മോഷ്ണശ്രമവും നടന്നു. തളിക്കുളം സെന്ററിന് കിഴക്ക് മുറ്റിച്ചൂർ റോഡിന് സമീപം പുളിപറമ്പിൽ ദിനേശന്റെ ടറസ് വീടിന്റെ ജനലാണ് കല്ലെറിഞ്ഞ് തകർത്തത്.
ദിനേശനും ഭാര്യ രത്നവും മകൻ ദിലീപിന്റെ ഭാര്യ മേഘയും ഉറങ്ങിക്കിടക്കുമ്പോഴാണ് വീടിന് നേരെ കല്ലേറുണ്ടായത്. മേഘ ഉറങ്ങിയിരുന്ന മുറിയുടെ ജനൽചില്ലുകളാണ് തകർത്തത്. ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. ജനൽ തകർന്ന് ചില്ലകൾ അകത്തേക്ക് തെറിച്ചുവീണെങ്കിലും ആർക്കും പരിക്കേറ്റില്ല. കല്ലേറിൽ വീടിന്റെ ചുമരിൽ പലയിടത്തും പൊട്ടലുണ്ട്. അടുത്ത വീട്ടിലെ ഓട്ടോ ടാക്സി മുറ്റത്ത് ഇട്ടിരുന്നെങ്കിലും വാഹനത്തിന് കേടുപാടില്ല. വീടിന് മുറ്റത്ത് നിന്ന് പത്തോളം കല്ലുകളും കണ്ടെടുത്തു.
ബ്ലോക്ക് ഓഫീസിന് സമീപത്തെ എരവേലി സുനിൽകുമാറിന്റെ കടയുടെ പൂട്ട് കല്ല് ഉപയോഗിച്ച് തകർക്കാനും ശ്രമമുണ്ടായി. മോഷണമായിരുന്നു ലക്ഷ്യമെന്ന് കരുതുന്നു. കടക്ക് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഷൺമുഖൻ പണിക്കരുടെ മകന്റെ കാർ കല്ലെറിഞ്ഞ് കേടുവരുത്തുകയും ചെയ്തു. വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.