കയ്പ്പമംഗലം: കൈയ്യിൽ സ്റ്റെതസ്‌കോപ്പുമായി സാരിക്കുമുകളിൽ വെള്ളകോട്ടിട്ടു കാറിലെത്തിയ ഐശ്വര്യയെ കണ്ടപ്പോൾ എല്ലാവരും അമ്പരന്നു. പുതിയ ഡോക്ടർ കുട്ടിയാണല്ലോ എന്ന അത്ഭുതമായിരുന്നു എല്ലാവർക്കും. കയ്പ്പമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് കൊപ്രക്കളം കരുണാഭവൻ സ്‌പെഷൽ സ്‌കൂൾ ഭിന്നശേഷി ദിന വാരാചരണത്തിന്റെ ഭാഗമായി വേറിട്ടൊരു പരിപാടി നടത്തിയത്.
ഇതിനു മുൻപ് ചെന്നൈ സബ്.ഇൻസ്‌പെക്ടറായി പത്തൊൻപതു വയസ്സുള്ള ഡൗൺസിൻഡ്രം ബാധിച്ച സ്റ്റെവിൻ മാത്യുവിന്റെ വാർത്ത ഫെയ്‌സ്ബുക്കിൽ കണ്ടിരുന്ന അദ്ധ്യാപകരാണ് ഭിന്നശേഷി ദിനാചരണത്തിന് ഐശ്വര്യയെ തിരഞ്ഞെടുത്തത്. നൂറിൽപരം കുട്ടികൾ പഠിക്കുന്ന കരുണാഭവൻ സ്‌പെഷൽ സ്‌കൂളിൽ നാലു വർഷത്തോളമായി 20 വയസുകാരിയായ ഐശ്വര്യ പഠിക്കുന്നു. ശാരീരിക വൈകല്യങ്ങളൊന്നുമില്ലെങ്കിലും മാനസികവളർച്ചയെത്താത്ത ഐശ്വര്യയുടെ മാതാപിതാക്കളുടെ ആഗ്രഹം മകളെയൊരു ഡോക്ടറാക്കണമെന്നായിരുന്നു. അതേ ആഗ്രഹം ഉണ്ടായിരുന്ന ഐശ്വര്യ കുറച്ചു നേരത്തേക്കെങ്കിലും മാതാപിതാക്കൾക്ക് മാത്രമല്ല അവിടെയുണ്ടായിരുന്നവർക്കും ഒരു ഡോക്ടറായി. ഡോക്ടറുടെ കസേരയിലിരുന്ന് രോഗികളെ പരിശോധിക്കുന്നത് കണ്ടപ്പോൾ ഐശ്വര്യയുടെ അമ്മ ചെറുതായൊന്നു വിതുമ്പി. ഡോ. ഐശ്വര്യക്ക് പിന്തുണയുമായി മെഡിക്കൽ ഓഫീസർ ഡോ. അനു ബേബി, ഹെൽത്ത് ഇൻസ്‌പെക്ടർ റോയി ജേക്കബ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എം.എം. സെക്കീർ, സുനിൽകുമാർ, ബിനോജ് എന്നിവരും ഒപ്പമുണ്ടായിരുന്നു. അദ്ധ്യാപകരായ ഷെക്കീല അബ്ദുൽഖാദർ, അനുഷ അയ്യപ്പൻ, വി. ജിനി, ഒ.പി അമൃത എന്നിവരുടെ നേതൃത്വത്തിലാണ് ഐശ്വര്യ പരിപാടിയുടെ ഭാഗമായി പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിയത്.