ബി.ജെ.പി- ബി.ഡി.ജെ.എസ് ബന്ധത്തെ തകർക്കാനാകില്ല: നാഗേഷ്
തൃശൂർ: ദേശീയ കാഴ്ചപ്പാടോടെ പ്രവർത്തിച്ചും താഴെത്തട്ടിലുമുളള പ്രവർത്തനങ്ങൾ ശക്തമാക്കിയും രാഷ്ട്രീയ അടവുനയങ്ങൾ സ്വീകരിച്ചും
വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് ശക്തമായ സാന്നിദ്ധ്യമാകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാബു പറഞ്ഞു.
ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ നാലാം വാർഷിക സമ്മേളനം പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബന്ധവും ബന്ധുത്വവും സംശയരഹിതമായിരിക്കണം. പോയ കാലങ്ങളിൽ തങ്ങൾ അധികാരത്തിൽ നിന്ന് മാറ്റി നിറുത്തപ്പെട്ടവരായിരുന്നു. ഇനി അങ്ങനെയാകരുത്. അധികാരം നൽകിയാൽ ജനങ്ങളുടെ ഒപ്പം നിലകൊണ്ടു തന്നെ പ്രവർത്തിക്കും. സാധാരണ ജനങ്ങളോടൊപ്പം നിന്ന് താഴെത്തട്ടിൽ പ്രവർത്തനങ്ങൾ ശക്തമാക്കാനുളള തീവ്രയജ്ഞത്തിലാണ് ബി.ഡി.ജെ.എസ്. മണ്ണ് തിന്ന് ജീവിക്കേണ്ടി വരുന്നവരുടെ 'നമ്പർ വൺ കേരള'മാണിത്. പട്ടിണിയെ അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യം ഇപ്പോഴും നിലവിലുണ്ട്. പുറമ്പോക്ക് ഭൂമിയിൽ പട്ടയമില്ലാതെ കഴിയുന്നവരുമുണ്ട്. പഴയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്നില്ല. ലോകസമ്പന്നൻമാരുടെ പാർട്ടിയായി അത് മാറി. ഭൂപരിഷ്കരണനിയമത്തിലൂടെ പട്ടികജാതിക്കാർക്കും പിന്നാക്കക്കാർക്കും അർഹമായതൊന്നും ലഭിച്ചില്ല. നിയമത്തിലെ ചില നിബന്ധനകളുടെ മറ പറ്റി കെ.എം. മാണിയും കൂട്ടരും എല്ലാം തട്ടിയെടുക്കുകയായിരുന്നു. എൽ.ഡി.എഫും അതിന് കൂട്ടുനിന്നു. വാളയാറിൽ പാർട്ടിഗ്രാമമായതുകൊണ്ടാണ് പിഞ്ചുകുഞ്ഞുങ്ങൾക്ക് നീതികിട്ടാതെ പോയത്. അവിടെ സാമുദായിക സംഘടന ശക്തമായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി- ബി.ഡി.ജെ.എസ് ബന്ധത്തെ തകർക്കാൻ പലകോണുകളിൽ നിന്നും വ്യാപകമായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ അതൊന്നും നടക്കാൻ പോകുന്നില്ലെന്നും വിശിഷ്ടാതിഥിയായ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് പറഞ്ഞു. എൻ.ഡി.എ യിൽ ഇതേവരെ യാതൊരു അപശബ്ദങ്ങളുമുണ്ടായിട്ടില്ല. അടിത്തട്ടിലുളള പ്രവർത്തനങ്ങൾ ശക്തമാക്കിയാൽ വരുന്ന തിരഞ്ഞെടുപ്പുകളിൽ വിജയിക്കാനാകും. മുന്നണിയിലെ ഏത് പാർട്ടി മത്സരിച്ചാലും ഒന്നിച്ച് പ്രവർത്തിച്ചാൽ വലിയ മുന്നേറ്റമുണ്ടാകും. ബൂത്ത് തലത്തിലും വീടുവീടാന്തരം കയറിയിറങ്ങിയും പ്രവർത്തനം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തനതായി നിലകൊണ്ട് ബി.ഡി.ജെ.എസിന് വളരാനുള്ള എല്ലാ സാഹചര്യങ്ങളും കേരളത്തിലുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി രമേഷ് അടിമാലി പറഞ്ഞു. കേരളത്തിൻ്റെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പാർട്ടിയെ ഉയർത്തിക്കൊണ്ടുവരാനുള്ള ഊർജ്ജിത ശ്രമങ്ങളാണ് നടക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പുകളിൽ എൻ.ഡി.എ ശക്തമായ സാന്നിദ്ധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സി.ഡി ശ്രീലാൽ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സംഗീത വിശ്വനാഥ് പതാക ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ, സംസ്ഥാന സെക്രട്ടറിമാരായ ബേബി റാം, സജീവ് കുമാർ കല്ലട എന്നിവർ മുഖ്യാതിഥികളായി.
ജില്ലാ സെക്രട്ടറി പി.കെ. രവീന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് ഇന്ദിരാദേവി ടീച്ചർ, ജോയിന്റ് സെക്രട്ടറിമാരായ ബ്രുഗുണൻ മനയ്ക്കലാത്ത്, ലോചനൻ അമ്പാട്ട്, ട്രഷറർ അതുല്യഘോഷ് വെട്ടിയാട്ടിൽ, ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് ലതാ ബാലൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറിമാരായ ഡി. രാജേന്ദ്രൻ സ്വാഗതവും കെ.വി. ശിവൻ നന്ദിയും പറഞ്ഞു.
മണ്ഡലം പ്രസിഡന്റുമാരായ പി.കെ. സന്തോഷ്, പി.കെ. പ്രസന്നൻ, വി.കെ. കാർത്തികേയൻ, പി.വി. വിശ്വേശ്വരൻ, ചന്ദ്രൻ കിളിയംപറമ്പിൽ, ഷിജിൽ ചുള്ളിപ്പറമ്പിൽ, സി.ജി. പുഷ്പാംഗദൻ, വിമലാനന്ദൻ മാസ്റ്റർ, ഹരിശങ്കർ, ദിനിൽ മാധവ്, അഡ്വ. എം.ആർ. മനോജ് കുമാർ, അനിൽ തോട്ടവീഥി എന്നിവർ നേതൃത്വം നൽകി.