തൃശൂർ: തൃശൂരിന്റെ ഇന്നലെകളിലേക്ക് വെളിച്ചം പടർത്തുകയും ചരിത്രവഴികൾ അടയാളപ്പെടുത്തുകയും ചെയ്ത അഞ്ചുവിളക്കിന്റെ പരിഷ്‌കരിച്ച പതിപ്പ് ശനിയാഴ്ച പുറത്തിറങ്ങും.
ജില്ലയുടെ സ്വന്തമായ ഗരിമകളെയും മഹിമകളെയും പ്രകാശിപ്പിക്കുന്ന, മുതിർന്ന മാദ്ധ്യമപ്രവർത്തകനും കേരളകൗമുദി മുൻ ബ്യൂറോ ചീഫുമായ സി.എ. കൃഷ്ണൻ രചിച്ച ഈ ലഘുവിജ്ഞാന കോശത്തിന്റെ പ്രകാശനം അയ്യന്തോളിലെ ഗ്രീൻബുക്‌സ് ആസ്ഥാനത്ത് വൈകിട്ട് 4.30ന് നടക്കും. സംഭവങ്ങളെയും വ്യക്തികളെയും സ്മരിക്കുന്ന അഞ്ചുവിളക്കിനെക്കുറിച്ചും തൃശൂരിന്റെ അനുഭവങ്ങളെപ്പറ്റിയും എം.എൽ.എമായ പ്രൊഫ. കെ.യു. അരുണൻ, അനിൽ അക്കര, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, ഡോ. പി.വി. കൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിക്കും. ഗ്രീൻബുക്‌സ് എം.ഡി. കൃഷ്ണദാസ് അദ്ധ്യക്ഷനാകും. ബാലചന്ദ്രൻ വടക്കേടത്ത് മോഡറേറ്ററാകും. സി.എ. കൃഷ്ണൻ മറുപടി പറയും.
ഒമ്പത് അദ്ധ്യായങ്ങൾ ഉൾപ്പെടുത്തിയാണ് പുസ്തകം പരിഷ്‌കരിച്ചത്. ശക്തൻ തമ്പുരാനും അതിനുശേഷവുമുളള ചരിത്രകാലമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൃശൂരിന്റെ സാംസ്‌കാരിക സവിശേഷതകൾ, രാഷ്ട്രീയപ്രവർത്തനങ്ങൾ, വ്യക്തികൾ, പോരാട്ടങ്ങൾ, മറക്കാനാവാത്ത സംഭവങ്ങൾ, ആഘോഷങ്ങൾ എന്നിങ്ങനെയുളള വിവരണങ്ങളുമുണ്ട്. തൃശൂരിന്റെ ഇന്നലെകളിലേക്കുളള കിളിവാതിലായ ഈ ഗ്രന്ഥത്തിന്റെ ആദ്യ പതിപ്പ് പതിനൊന്ന് വർഷം മുൻപ് പുറത്തിറങ്ങിയിരുന്നു.