ചാലക്കുടി: ഇടതുകര, വലതുകര കനാലുകളിലേയ്ക്ക് വെള്ളം തുറന്നുവിട്ടതോടെ ചാലക്കുടിപ്പുഴയിലെ ജനവിതാനത്തിന് കാര്യമായ കുറവു വന്നു. തുമ്പൂർമുഴി മുതൽ താഴേയ്ക്കുള്ള എല്ലാഭാഗത്തും ഇപ്പോൾ വെള്ളം കുറവാണ്. തുമ്പൂർമുഴി ഡൈവർഷൻ പദ്ധതിയിൽ നിന്നും ഏഴാറ്റുമുഖത്തേയ്ക്കും ചാലക്കുടിയിലേയ്ക്കും മെയിൻ കനാലുകൾ വഴി നവംബർ അവസാനമാണ് വെള്ളം തുറന്നുവിട്ടത്. പതിവുള്ള പ്രക്രിയയാണ് ഇതെങ്കിലും ഇക്കുറിനേരത്തെ തന്നെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളത്തിന്റെ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. വേനൽ കടുത്തു തുടങ്ങുന്ന ജനുവരി അവസാനത്തിലായിരുന്നു സാധാരണ നിലയിൽ ജലക്ഷാമം തുടങ്ങുക. എന്നാൽ ഇപ്പോൾത്തന്നെ പുഴയിൽ വെള്ളം കുറയുന്നത് കർഷകരെ ആശങ്കയിലാക്കുന്നുണ്ട്. ഈ സ്ഥിതി തുടർന്നാൽ വരും മാസങ്ങളിൽ എന്താകുമെന്നതാണ് കർഷകരെ അലട്ടുന്നത്. വെള്ളത്തിന്റെ കുറവ് പുഴയിലെ ജലസേചന പദ്ധതികളേയും പ്രതികൂലമായി ബാധിയ്ക്കും.