തൃശൂർ: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ കലശമല ഇക്കോ ടൂറിസം പദ്ധതി ഡിസംബർ 27ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.സി. മൊയ്തീന്റെ അദ്ധ്യക്ഷതയിൽ സംഘാടക സമിതി രൂപീകരിച്ചു.
ജൈവ വൈവിദ്ധ്യങ്ങളെ സംരക്ഷിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് കലശമലയിൽ നടപ്പാക്കുകയെന്ന് മന്ത്രി അറിയിച്ചു. പദ്ധതിയുടെ ഭാഗമായി കലശമലയിൽ മാലിന്യ സംസ്‌കരണത്തിനുള്ള പ്രവർത്തനങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകും. സാമൂഹിക വിരുദ്ധരുടെ കടന്നുകയറ്റങ്ങൾ അനുവദിക്കില്ല. മനോഹരമായ പൂന്തോട്ടം പോലെ കലശമലയെ സംരക്ഷിക്കും.
രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കലശമലയിലെ ഭൂമിയേറ്റെടുക്കൽ വേഗത്തിൽ പൂർത്തിയാക്കും. കൂടുതൽ ഭാഗത്ത് വാഹന പാർക്കിംഗ് സംവിധാനമുണ്ടാക്കും. കലശമല ടൂറിസം പദ്ധതിയുടെ ഭാഗമായി കുന്നംകുളം നഗരവികസനത്തിനാവശ്യമായ പദ്ധതിയും രൂപപ്പെടുത്തും. സഞ്ചാരികൾക്ക് കേന്ദ്രത്തിലേക്കെത്താനുള്ള റോഡുകൾ മികച്ച നിലവാരത്തിൽ നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.