തൃശൂർ: മദ്ധ്യകേരളത്തിലെ ഉത്സവങ്ങളുടെ വിവരശേഖരണം പൂർത്തിയായില്ല. ആനയെ എഴുന്നള്ളിച്ച് ഉത്സവങ്ങൾ നടത്തുന്ന ഉത്സവക്കമ്മിറ്റികൾ, ആരാധനലായങ്ങൾ എന്നിവർ വിവരം സോഷ്യൽ ഫോറസ്ട്രിയിൽ നൽകിയില്ലെങ്കിൽ കർശന നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. ഈ മാസം 15 നുള്ളിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം.
ജില്ലയിൽ 1300ലധികം ഉത്സവങ്ങൾ ഉണ്ടെന്നാണ് നിഗമനം. എന്നാൽ ഇവയുടെ യാഥാർത്ഥ കണക്ക് വനം വകുപ്പ്, പൊലീസ്, റവന്യൂ വിഭാഗം എന്നിവരുടെ കൈയ്യിൽ ഇല്ലാത്ത സാഹചര്യത്തിലാണ് ഉത്സവങ്ങളുടെ കണക്കെടുപ്പിന് കളക്ടർ അദ്ധ്യക്ഷനായ മോണിറ്ററിംഗ് കമ്മിറ്റി തീരുമാനിച്ചത്. 2015ൽ ഹൈക്കോടതി ഉത്തരവ് പ്രകാരം രജിസ്റ്റർ ചെയ്തത് 722 ഉത്സവങ്ങൾ മാത്രമാണ്. എന്നാൽ ഇപ്പോൾ എടുക്കുന്നത് കണക്കെടുപ്പ് മാത്രമാണെന്നും രജിസ്റ്റർ ചെയ്യുന്ന സംവിധാനമല്ലെന്നും വനം വകുപ്പ് അധികൃതർ പറയുന്നു. പ്രധാന ക്ഷേത്രങ്ങളുടെ വിവരം മാത്രമാണ് ഇപ്പോൾ വനം വകുപ്പിന് ലഭിച്ചിരിക്കുന്നത്. ആനകൾ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ.

ജില്ലയിലുള്ള നാട്ടനകൾ - 135
(ഗുരുവായൂർ ദേവസ്വം, കൊച്ചിൻ ദേവസ്വം,കൂടൽ മാണിക്യം ദേവസ്വം ഉൾപ്പടെ)

ഇത് വരെ രജിസ്റ്റർ ചെയ്തത് - 614 ഉത്സവങ്ങൾ

ആനയെഴുന്നള്ളിപ്പുകൾ നടത്തുന്ന ഉത്സവ കമ്മിറ്റികൾ ചെയ്യേണ്ടത്

1. തൃശൂർ, ചാലക്കുടി സോഷ്യൽ ഫോറസ്ട്രി ഓഫീസുകൾ, ഫെസ്റ്റിവൽ കോ- ഓർഡിനേഷൻ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിൽ അപേക്ഷ നൽകണം
2. അവസാന തിയതി ഡിസംബർ 15, പതിനഞ്ചോ അധിലധികമോ ആനകളെ പങ്കെടുപ്പിച്ച് നടത്തുന്ന ഉത്സവങ്ങൾ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ അറിവോടെ മാത്രമെ നടത്താവൂ
3. അഞ്ചോ അതിൽ അധികമോ ആനകളെ എഴുന്നള്ളിക്കുന്ന സ്ഥലങ്ങളിൽ എലിഫന്റ് സ്‌ക്വാഡ്, വെറ്റിനറി ഡോക്ടർമാർ എന്നിവരുടെ സേവനം ഉറപ്പ് വരുത്തണം
4. തുടർച്ചയായി നാലു മണിക്കൂറിലധികം ആനകളെ എഴുന്നള്ളിക്കരുത്, വിലക്കേർപ്പെടുത്തിയ ആനകളെ എഴുന്നള്ളിക്കരുത്


2012 ന് മുമ്പ് എത്ര ആനകളെ ഉപയോഗിച്ചാണ് ഉത്സവങ്ങൾ നടത്തിയിരുന്നതെന്ന് വ്യക്തമാക്കണം. അതിന് ശേഷം തുടങ്ങിയ ആനയെ എഴുന്നള്ളിച്ചുള്ള ഉത്സവങ്ങൾക്ക് അനുമതി നൽകില്ല.
- പി.എം. പ്രഭു, അസി. ഫോറസ്റ്റ് കൺസർവേറ്റർ, തൃശൂർ