ഗുരുവായൂർ: ഏകാദശി ആഘോഷങ്ങൾക്കായി നാളെ പുലർച്ചെ തുറക്കുന്ന ഗുരുവായൂർ ക്ഷേത്രനട തുടർച്ചയായി 54 മണിക്കൂർ തുറന്നിരിക്കും. ദശമി ദിനമായ നാളെ പുലർച്ചെ മൂന്നിന് നിർമ്മാല്യ ദർശനത്തോടെ തുറക്കുന്ന ക്ഷേത്ര നട ഏകാദശി കഴിഞ്ഞ് തിങ്കളാഴ്ച ദ്വാദശി ദിനത്തിൽ ദ്വാദശിപ്പണ സമർപ്പണത്തിന് ശേഷം രാവിലെ ഒമ്പതിന് മാത്രമേ അടക്കൂ.
ഏകാദശി വ്രതംനോറ്റ ഭക്തർ ദ്വാദശി ദിനത്തിൽ പണ്ഡിതൻമാർക്ക് ദക്ഷിണ നൽകുന്ന ചടങ്ങാണ് ദ്വാദശിപണ സമർപ്പണം. ക്ഷേത്രം കൂത്തമ്പലത്തിലാണ് ദ്വാദശിപണ സമർപ്പണം നടക്കുക. ഇരിങ്ങാലക്കുട, പെരുവനം, ശുകപുരം ഗ്രാമങ്ങളിലെ അഗ്‌നിഹോത്രികളാണ് ദ്വാദശി പണം സ്വീകരിക്കുക.
ദ്വാദശിപണ സമർപ്പണത്തിന് ശേഷം രാവിലെ 9ന് അടക്കുന്ന ക്ഷേത്ര നട ശുദ്ധി കർമ്മങ്ങൾക്ക് ശേഷം വൈകിട്ട് 3.30ന് മാത്രമേ തുറക്കൂ. ക്ഷേത്ര നട അടച്ചിരിക്കുന്ന സമയത്ത് വിവാഹം കുട്ടികളുടെ ചോറൂൺ വഴിപാട് എന്നിവ നടത്താൻ സാധിക്കില്ല.