കാട്ടൂർ: കാട്ടൂർ സർവീസ് ബാങ്ക് പ്രസിഡന്റിന് എതിരായ അവിശ്വാസപ്രമേയം പരാജയപ്പെട്ടു. അവിശ്വാസ പ്രമേയ ചർച്ചയിൽ ഡയറക്ടർമാർ പങ്കെടുക്കാത്തതിനെ തുടർന്ന് ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്തിനെതിരായുള്ള അവിശ്വാസ പ്രമേയം തള്ളിയതായി അസി. രജിസ്ട്രാർ അറിയിച്ചു. ഡി.സി.സി സെക്രട്ടറി അനിൽകുമാറും രാജലക്ഷ്മിയും തമ്മിലുള്ള തർക്കമാണ് അവിശ്വാസ പ്രമേയത്തിന് കാരണമെന്ന് പറയുന്നു. കഴിഞ്ഞ ഒക്ടോബർ 30നാണ് പ്രസിഡന്റ് രാജലക്ഷ്മി കുറമാത്തിനെതിരായി പതിമൂന്നംഗ ഭരണസമിതിയിൽ രണ്ട് ഡയറക്ടർമാരൊഴികെ എല്ലാവരും അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ട് നൽകിയിരുന്നത്. എന്നാൽ ഈ നടപടിയെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി എതിർക്കുകയും ഉന്നത നേതാക്കൾ പ്രശ്‌നത്തിൽ ഇടപെട്ടതിനെ തുടർന്ന് ഡി.സി.സി അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കരുതെന്നും മറിച്ചു പങ്കെടുത്താൽ പുറത്താക്കൽ ഉൾപെടെയുള്ള നടപടികൾ ഉണ്ടാവുമെന്നും മെമ്പർമാർക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് അവിശ്വാസ പ്രമേയം പരാജയപെട്ടത്.