കൊടുങ്ങല്ലൂർ: പ്രകൃതിയും മനുഷ്യസമ്പർക്കവും അകൃത്രിമ ഭാവരൂപങ്ങളോടെ തങ്ങളുടെ രചനകളിലൂടെ ചിത്രീകരിച്ചവരാണ് ഭാരതീയ സാഹിത്യകാരെന്ന് എത്യോപ്യ അർബാ!*!മിനിച്ച് സർവകലാശാലയിലെ പ്രൊഫ. ഡോ. ഗോപാൽ ശർമ്മ. പരിഷ്‌കാരങ്ങളും വികസനങ്ങളും ശാസ്ത്രസാങ്കേതിക തന്ത്രത്തിന്റെ ആധിപത്യത്തിലൂടെ ഉയർന്നു വരുമ്പോൾ ഇല്ലാതാകുന്നത് പ്രകൃതിയുടെ സത്തയാണ്. ഈ പോക്ക് മാനവ കുലത്തിന്റെ നാശത്തിലേക്കാണെന്ന യാഥാർത്ഥ്യം ഭാരതീയ സാഹിത്യകാരന്മാർ തിരിച്ചറിഞ്ഞിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എം.ഇ.എസ് അസ്മാബി കോളേജിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, കേന്ദ്ര ഹിന്ദി ഇൻസ്റ്റിറ്റിയൂട്ട് ആഗ്രയുടെ സാമ്പത്തിക സഹകരണത്തോടെ എം.ഇ.എസ് അസ്മാബി കോളേജ് ഹിന്ദി വിഭാഗം എം.ഇ.എസ് കല്ലടി കോളേജ്, മണ്ണാർക്കാട് ഹിന്ദി വിഭാഗവുമായി ചേർന്ന് 'ഭാരതീയ സാഹിത്യത്തിലെ പ്രകൃതി ചിന്തകൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന അന്തർ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളേജ് പ്രിൻസിപ്പൽ ഡോ. അജിംസ് പി മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലശാല പ്രൊഫസർ ഡോ. കെ. വനജ മുഖ്യ പ്രഭാഷണം നടത്തി. കോളേജ് മാനേജിംഗ് കമ്മിറ്റി സെക്രട്ടറി ആന്റ് കറസ്‌പോണ്ടന്റ് സലീം അറക്കൽ, ഡോ. കെ.പി. സുമേധൻ, റീന മുഹമ്മദ്, ഡോ. രഞ്ജിത് .എം, ഡോ. കെ. സഞ്ജീവ് കുമാർ തുടങ്ങിയവർ സംസാരിച്ചു.