കൊടുങ്ങല്ലൂർ: പ്രളയം മൂലം ദുരിതത്തിലായവർക്ക് നഷ്ടപരിഹാരം നൽകുന്നതിലുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എയുടെ വീട്ടിലേക്ക് ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് വിജയമായതിൽ വിറളി പൂണ്ടാണ് എ.ഐ.വൈ.എഫുകാർ കള്ളപ്രചാരണവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. കനത്ത മഴയിൽ 42-ാം വാർഡിലെ അങ്കണവാടിയുടെ ചുറ്റുമതിൽ ഇടിഞ്ഞ് വീണ ചുറ്റുമതിൽ പണിയുന്നതിന് ടെൻഡർ നടപടി പൂർത്തികരിച്ച് പണി തുടങ്ങുന്നതിന് മെറ്റിരിയൽ ഇറക്കുന്നതിന് തൊട്ട് മുൻപ് അങ്കണവാടിക്കെട്ടിടത്തിൽ കടന്ന് സമരാഭാസം നടത്തി കള്ള പ്രചാരണം നടത്തുകയാണെന്നും ഇവർ ആരോപിച്ചു. കൗൺസിലർ ഉദാസീനത കാണിക്കുന്നുവെന്ന വ്യാജ പ്രചരണം നടത്തുന്ന എ.ഐ.വൈ.എഫ്. നേതാക്കളായ മനോജ്, ഹനീഫ് എന്നിവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി പാർലിമെന്ററി പാർട്ടി ലീഡർ വി.ജി. ഉണ്ണിക്കഷ്ണൻ പറഞ്ഞു. കൗൺസിലറെ കുറ്റം പറയുന്നവർ രാഷ്ട്രീയ ധാർമ്മികത ഉണ്ടെങ്കിൽ ഈ വർക്ക് വൈകിപ്പിച്ച എൽ.ഡി.എഫ് ഭരിക്കുന്ന മുനിസിപ്പാലിറ്റിയിലേക്കാണ് സമരം നയിക്കേണ്ടതെന്നും ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എം.ജി പ്രശാന്ത് ലാൽ പറഞ്ഞു.