നിർണായക യോഗം 17 ന് എറണാകുളത്ത്
തൃശൂർ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അനിയന്ത്രിതമായതോടെ ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഉടമകൾ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച നിർണായക യോഗം 17ന് എറണാകുളത്ത് ചേരും. നിലവിലുള്ള സ്ഥിതിയിൽ സർക്കാർ ഇടപെടുന്നില്ലെങ്കിൽ അനിശ്ചിത കാലത്തേക്ക് ഹോട്ടലുകൾ അടച്ചിടാനാണ് ഉടമകളുടെ തീരുമാനം.
ഉത്തരേന്ത്യൻ പ്രളയത്തിലുണ്ടായ കൃഷിനാശമാണ് വിലക്കയറ്റത്തിന് ആധാരം. വില നിയന്ത്രിക്കാനാവശ്യമായ നടപടി സർക്കാർ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിഷേധം. വിലക്കയറ്റത്തിനനുസരിച്ച് ഹോട്ടൽ വിഭവങ്ങളുടെ വില വർദ്ധിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ്. നിത്യോപയോഗ സാധന വിലയ്ക്കനുസരിച്ച് ഭക്ഷണ വിഭവങ്ങൾക്കും വില വർദ്ധിപ്പിച്ചാൽ സ്ഥിരം ഇടപാടുകാർ വിട്ടുനിൽക്കുമെന്നാണ് ഉടമകളുടെ അവകാശ വാദം.
വാദങ്ങൾ ഇവ
കിലോയ്ക്ക് 30 രൂപയുണ്ടായിരുന്ന ഉള്ളിവില 130 കടന്നു
60 രൂപയുണ്ടായിരുന്ന മുരിങ്ങാക്കായയുടെ വില 300 ആയി
ഉഴുന്ന്, പരിപ്പ്, പഞ്ചസാര, പയറുവർഗങ്ങൾ, പച്ചക്കറി എന്നിവയുടെ വില 3 ഇരട്ടിയിലധികം
ഉച്ചയൂണിന് സാമ്പാർ തയ്യാറാക്കാൻ പോലും ഇപ്പോൾ മൂന്നിരട്ടി ചെലവഴിക്കണം
സവാള വെജ്‌നോൺ വെജ് ഹോട്ടലുകളിൽ ഒഴിവാക്കാനാകാത്ത ഘടകം
സ്വിഗ്ഗി പോലുള്ള ഓൺലൈൻ ഭക്ഷണ വിതരണ പ്‌ളാറ്റ് ഫോമുകളുടെ വരവോടെ വരുമാനത്തിന്റെ തോത് കുറഞ്ഞു
തട്ടുകടകളുടെ അനിയന്ത്രിതമായ തള്ളിക്കയറ്റവും വിനയാകുന്നു
1500 ഹോട്ടൽ, 50,000 തൊഴിലാളികൾ
ചെറുതും വലുതുമായ 1500 ഹോട്ടലുകളുണ്ട്. 50,000 ഓളം തൊഴിലാളികൾ ജോലി ചെയ്യുന്നു. ഇവരെ ആശ്രയിച്ച് ലക്ഷക്കണക്കിന് കുടുംബങ്ങളുമുണ്ട്. ഹോട്ടലുകൾ അടച്ചിട്ടാൽ തൊഴിലാളികൾ പട്ടിണിയിലാകും. വിലക്കയറ്റം ഉണ്ടാകുമെന്നറിഞ്ഞിട്ടും മുൻകൂട്ടി തയ്യാറെടുപ്പ് നടത്താൻ സർക്കാരിനായില്ല. അതേ സമയം കുത്തക കമ്പനികൾ സാധനങ്ങൾ മുൻകൂട്ടി സ്റ്റോക്ക് ചെയ്ത് കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നു.
സി. ബിജുലാൽ (ജില്ലാ സെക്രട്ടറി, ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ)
മറ്റ് പ്രശ്‌നങ്ങൾ
ജി.എസ്.ടി, ഇ.എസ്.ഐ ഉദ്യോഗസ്ഥരുടെ പീഡനം
മാലിന്യ സംസ്‌കരണത്തിന്റെ പേരിൽ ഉദ്യോഗസ്ഥരുടെ ഭീഷണി