ഡി.സി.സി നാളെ കൗൺസിലർമാരുടെ യോഗം വിളിച്ചു
തൃശൂർ: കെൽട്രോൺ വിഷയത്തിൽ കോർപറേഷൻ ഭരണ- പ്രതിപക്ഷ മുന്നണികളിൽ കലഹം മുറുകുന്നു. ഭരണപക്ഷവുമായി ഒത്തുകളിക്കുന്നുവെന്നു ആരോപിച്ച് മൂന്നുപേരെ മാറ്റിനിറുത്തി കോൺഗ്രസിലെ 19 കൗൺസിലർമാർ ഒരുമിച്ചു കത്തു നൽകിയതു ഡി.സി.സിയെ ഞെട്ടിച്ചിരിക്കുകയാണ്. ഇതോടെ നാളെ ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപൻ കൗൺസിലർമാരുടെ യോഗം വിളിച്ച് ചേർത്തു. ശക്തമായ പ്രതിപക്ഷം കോർപറേഷനിൽ ഇല്ലെന്നു ഡി.സി.സി നേതൃത്വം നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. പ്രതിപക്ഷനേതാവ് എം.കെ. മുകുന്ദൻ, ഉപനേതാവ് ജോൺഡാനിയേൽ, ഡി.സി.സി ജന. സെക്രട്ടറി എ. പ്രസാദ് എന്നിവർ നേരത്തെ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കാൻ കെൽട്രോണിനെ ഏൽപ്പിക്കരുതെന്ന നിലപാടുമായി മേയർക്കു കത്തുനൽകിയിരുന്നു. ഇതിനെതിരെയാണ് മറ്റു കോൺഗ്രസ് കൗൺസിലർമാർ കെൽട്രോണിനു വേണ്ടി കത്തുനൽകിയത്.
മുൻ മേയർ രാജൻ പല്ലന്റെ നേതൃത്വത്തിൽ യോഗം ചേർന്നാണു തീരുമാനമെടുത്തത്. നിലവിൽ കെൽട്രോണിനു കരാർ നൽകുന്നതാണ് ഉചിതമെന്നും പൊതുമേഖലാ പ്രോത്സാഹനമെന്ന കാഴ്ച്ചപ്പാട് ഉയർത്തിപ്പിടിക്കാനും തീരുമാനിച്ചതായി കൗൺസിലർമാർ പറഞ്ഞു. മേയറായിരുന്ന രാജൻ പല്ലന്റെ നടപടികൾ മുമ്പു വിമർശിക്കപ്പെട്ടപ്പോൾ തങ്ങൾക്കു പങ്കില്ലെന്നു പ്രതിപക്ഷനേതാവ് എം.കെ. മുകുന്ദൻ പരസ്യമായി പറഞ്ഞിരുന്നു.
അതിനിടെ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കാനുള്ള കരാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനു നൽകുന്നതിനു എതിരേ സി.പി.എം കൗൺസിലർമാരിൽ നിന്നു വിമർശനമുയർന്നത് ഭരണപക്ഷത്തെയും വെട്ടിലാക്കിയിരിക്കുകയാണ്. കെൽട്രോൺ ഇടപാടുകളിൽ അഴിമതിയുണ്ടെന്നും, സേവനം മോശമാണെന്നും വിശ്വാസ്യതയില്ലെന്നുമുള്ള പ്രചാരണവുമായി സി.പി.എം നേതാവും ഡി.പി.സി മെംബറുമായ വർഗീസ് കണ്ടംകുളത്തി പരസ്യനിലപാട് കൈകൊണ്ടതോടെ മറുപടി പറയേണ്ട ബാധ്യത മന്ത്രി ഇ.പി. ജയരാജന്റേതായി. ഇടതുപക്ഷത്തെ അരഡസൻ കൗൺസിലർമാർ കരാർ കെൽട്രോണിനു നൽകണമെന്ന നിലപാടും സ്വീകരിച്ചിട്ടുണ്ട്.