ഗുരുവായൂർ: രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ക്ഷേത്ര നഗരിയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള തീർത്ഥാടക സംഘങ്ങൾ മോഷണത്തിനിരയായി. കിഴക്കെനടയിലെ ദേവസ്വത്തിന്റെ സത്രം പാർക്കിംഗ് ഗ്രൗണ്ടിലിട്ടിരുന്ന തീർത്ഥാടക സംഘത്തിന്റെ കാറിന്റെ ചില്ല് തകർത്ത് 11,350 രൂപ, നാല് മൊബൈൽ ഫോണുകൾ, എ.ടി.എം, ആധാർ കാർഡുകൾ എന്നിവ മോഷ്ടിച്ചു.
രാവിലെ ആറിനാണ് കോയമ്പത്തൂർ മേഖലയിലെ ബി.ജെ.പി ഭാരവാഹി ദിനേശ് കുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം ക്ഷേത്ര ദർശനത്തിനെത്തിയത്. കാർ പാർക്ക് ചെയ്ത് 30 രൂപ ഫീസും നൽകിയാണ് സംഘം പോയത്. ഏഴോടെ ക്ഷേത്ര ദർശനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മോഷണം നടന്ന വിവരം പാർക്കിംഗ് ഗ്രൗണ്ടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റിക്കാരോട് പറഞ്ഞപ്പോൾ പരാതി പറയാനെത്തിയ സംഘത്തിലുണ്ടായിരുന്ന ഗുണശേഖരനെ സെക്യൂരിറ്റി ജീവനക്കാർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതിയുണ്ട്. കാറിന്റെ പിറകിലെ ഡോറിന്റെ ചില്ല് തകർത്തായിരുന്നു മോഷണം. കോയമ്പത്തൂർ സൗത്ത് ഡിസ്ട്രിക്ട് ബി.ജെ.പി ഇൻഡസ്ട്രിയൽ വിഭാഗത്തിന്റെ ചുമതലയുള്ള ദിനേശ് കുമാർ, രത്‌നവേൽ എന്നിവരുൾപ്പെടുന്നവരാണ് സംഘത്തിലുണ്ടായിരുന്നത്. ടെമ്പിൾ പൊലീസിനും ദേവസ്വം അഡ്മിനിസ്‌ട്രേറ്റർക്കും സംഘം പരാതി നൽകി. ക്ഷേത്ര നടയിൽ നിലത്ത് പണമിട്ട് ശ്രദ്ധതെറ്റിച്ചും തീർത്ഥാടകരുടെ പണമടങ്ങിയ ബാഗ് കവർന്ന സംഭവവും ഇന്നലെയുണ്ടായി. രാവിലെയാണ് ഈ സംഭവം അരങ്ങേറിയത്. ചെന്നൈ സ്വദേശിയായ ലോകനാഥൻ എന്നയാളുടെ 7000 രൂപയടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്. താഴെ കിടക്കുന്ന നോട്ട് ചൂണ്ടിക്കാട്ടി 'അത് നിങ്ങളുടെയാണോ' എന്ന് ചോദിച്ച് ശ്രദ്ധ തിരിച്ച് ഒരാൾ ബാഗുമായി ഓടുകയായിരുന്നു. പൊലീസിൽ പരാതി നൽകി.