ഗുരുവായൂർ: ഏകാദശിയോടനുബന്ധിച്ച് 15 ദിനരാത്രങ്ങളിലായി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്നു വരുന്ന ചെമ്പൈ സംഗീതോത്സവത്തിന് നാളെ അർദ്ധരാത്രിയോടെ സമാപനമാകും. ഇന്ന് രാവിലെ ചെമ്പൈ സംഗീതോത്സവത്തിലെ പ്രധാന കച്ചേരിയായ പഞ്ചരത്ന കീർത്തനാലാപനം നടക്കും. രാവിലെ 9 നാണ് നൂറിലധികം പ്രശസ്തരായ സംഗീതജ്ഞർ അണിനിരക്കുന്ന പഞ്ചരത്നകീർത്തനാലാപനം. ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണവും ഇന്ന് നടക്കും.
1976 ൽ ദശമി വിളക്ക് കഴിഞ്ഞ് ഏകാദശിനാളിൽ പുലർച്ചെയാണ് ഗജരാജൻ കേശവൻ ഗുരുവായൂരപ്പനിൽ വിലയം പ്രാപിച്ചത്. ഇതിന്റെ ഓർമ്മ പുതുക്കിയാണ് എല്ലാ വർഷവും ഏകാദശിയുടെ തലേദിവസമായ ദശമി ദിനത്തിൽ കേശവൻ അനുസ്മരണം നടത്തുന്നത്. ഇന്ന് രാവിലെ 9ന് തിരുവെങ്കിടാചലപതി ക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിക്കുന്ന ഗജഘോഷയാത്ര ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെത്തി ഗുരുവായൂരപ്പനെ വണങ്ങിയ ശേഷം കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തി പ്രണാമമർപ്പിക്കും.