ഗുരുവായൂർ: ഏകാദശി ദിനത്തിൽ വ്രതം നോറ്റ് ഗുരുവായൂരപ്പനെ ദർശിക്കുന്നതിന് പതിനായിരങ്ങൾ നാളെ ഗുരുവായൂരിലെത്തും. ക്ഷേത്ര ദർശനത്തിന് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കിഴക്കേ ഗോപുരം വഴിയാണ് ദർശനത്തിനായുള്ള ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുക. രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ ജീവനക്കാർക്കും പ്രാദേശികക്കാർക്കും വി.ഐ.പികൾക്കുമുൾപ്പെടെ പ്രത്യേക ദർശനസൗകര്യമുണ്ടായിരിക്കില്ല.

വരിയിൽ നിൽക്കുന്ന ഭക്തർക്ക് മാത്രമായിരിക്കും ഈ സമയത്ത് ദർശന സൗകര്യമുണ്ടായിരിക്കുക. ഏകാദശി വ്രതം നോറ്റെത്തുന്നവർക്കായി വിപുലമായ പ്രസാദ ഊട്ടും ഒരുക്കും. ഗോതമ്പ് ചോറ്, രസകാളൻ, പുഴുക്ക്, അച്ചാർ, ഗോതമ്പ് പായസം എന്നിവയാകും വിഭവങ്ങൾ. ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്ത് അന്നലക്ഷ്മി ഹാളിലും ക്ഷേത്രത്തിന് തെക്കു ഭാഗത്ത് തയ്യാറാക്കുന്ന പന്തലിൽ ഇലയിട്ട് പ്രസാദ ഊട്ട് വിളമ്പുന്നതിനും സൗകര്യമൊരുക്കുന്നുണ്ട്.

ഉച്ചയ്ക്ക് രണ്ട് വരെ വരിയിൽ സ്ഥാനം പിടിച്ച മുഴുവൻ പേർക്കും പ്രസാദ ഊട്ട് വിളമ്പും. നാൽപതിനായിരത്തിലധികം പേർ പ്രസാദ ഊട്ടിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ രാവിലെ ക്ഷേത്രത്തിൽ ദേവസ്വം വകയാണ് ഉദയാസ്തമന പൂജയോടെയുള്ള വിളക്കാഘോഷം നടക്കുക...