ചേലക്കര: തിരുവില്വാമല പുനർജനി ഗുഹ നൂഴൽ നാളെ നടക്കും. വൃശ്ചികമാസത്തിലെ വെളുത്ത പക്ഷ ഏകാദശി നാളായ ഗുരുവായൂർ ഏകാദശി നാളിലാണ് പുനർജനി നൂഴൽ നടക്കുന്നത്. വില്യാദ്രിനാഥ ക്ഷേത്രത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്ററോളം കിഴക്കു മാറി വില്വമലയിലാണ് പുനർജനി ഗുഹ. ഗുഹ നൂഴുന്നതിനുള്ള ടോക്കണുകൾ ഇന്ന് വൈകിട്ട് വില്യാദ്രിനാഥ ക്ഷേത്ര ഓഫീസിൽ നിന്ന് വിതരണം ചെയ്യും. നാളെ പുലർച്ചെ ക്ഷേത്രത്തിൽ നിന്നും കുത്തുവിളക്കിന്റേയും വാദ്യത്തിന്റേയും അകമ്പടിയോടെ ക്ഷേത്ര പൂജാരിയും ദേവസ്വം ജീവനക്കാരും ഭക്തരും വില്വമലയിലേക്ക് പുറപ്പെടും. മേള അകമ്പടിയിൽ ഗുഹാമുഖത്ത് ക്ഷേത്ര പൂജാരി പ്രത്യേക പൂജകൾ നടത്തി ഗുഹയിലേക്ക് നെല്ലിക്ക ഉരുട്ടിയ ശേഷമാണ് പുനർജനി നൂഴൽ ആരംഭിക്കുന്നത്. നാളെ അർദ്ധരാത്രി വരെ നൂഴൽ തുടരും. പുനർജനി നൂണ്ടാൽ ജന്മ പാപം തീർന്ന് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.
കാലങ്ങളായി ഗുഹ ആദ്യം നുഴാറുള്ള പാറപ്പുറത്ത് ചന്തു തന്നെയാണ് ഇത്തവണയും ഒന്നാമതായി പുനർജനി നൂഴുന്നത്.